ഉത്തേരന്ത്യയില്‍ നിന്നും കേരളത്തില്‍ എത്തിയ മകന്‍ അമ്മയെ വിളിച്ച് പറഞ്ഞത്…
കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ ഒന്നാമതെന്ന് വിശേഷിപ്പിച്ചു പരസ്യം കൊടുക്കുകയും അത് ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാകുകയും ചെയ്തതോടെ മലയാളികള്‍ കേരളത്തെക്കുറിച്ചു സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച തുടങ്ങിയിരിക്കുകയാണ്. അതിനിടയില്‍ കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ ചിലര്‍ രാഷ്ട്രീയലാഭത്തോടെ താല്പര്യമെടുക്കുന്നു എന്ന ആരോപണവും വാര്‍ത്തയായി കഴിഞ്ഞു. ഇതിനിടയില്‍ പാലായില്‍ നിന്നുള്ള സാബു തോമസിന്റെ കേരളത്തെക്കുറിച്ചുള്ള ഒരു ചെറിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. ജോലി തേടി കേരളത്തില്‍ എത്തി ആ വിവരം അദ്ദേഹത്തിന്റെ അമ്മയെ ഫോണിലൂടെ അറിയിക്കുന്നതാണ് കഥ.
സാബു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കളവുകളങ്ങിനെ കാവിയുടുത്ത് രാജ്യം ചുറ്റുന്ന സുന്ദര സുരഭിലമായ ഈ കാലത്ത്
യു പിയിലെ ഒരു കുഗ്രാമത്തില്‍ നിന്ന് ജോലി തേടി കേരളത്തില്‍ പോയ മകനെ അവന്റെ അമ്മ ഫോണ്‍ വിളിക്കുകയാണ് .
‘ മകനേ …ഓം പ്രകാശ് ,
നിനക്കവിടെ സുഖമാണോ ?’
‘ അതെയമ്മേ .
നിങ്ങളൊന്നും കൂടെയില്ലാത്തതിന്റെ വിഷമം മാത്രം ‘
‘താമസമൊക്കെ എങ്ങിനെ ?’
‘ വലിയൊരു വാര്‍ക്ക കെട്ടിടത്തിന്റെ ഒരു മുറിയിലാണമ്മേ ,
ഞങ്ങള്‍ നാലുപേരുണ്ട് . മുറിയോട് ചേര്‍ന്ന് തന്നെ ശൗചാലയവുമുണ്ട് ‘
‘അത് കൊള്ളാമല്ലോ മകനെ .
ഇവിടെ ഇന്നും വൈകി ഉണര്‍ന്നു .
പുറത്ത് കുറ്റിച്ചെടിയുടെ മറവില്‍ വെളിക്കിറങ്ങാനിരിയ്ക്കുമ്പോള്‍ അതു വഴി കടന്നുപോയ ഗ്രാമ മുഖ്യന്‍ പരിഹസിച്ച് ചിരിക്കുന്നു .
ആട്ടെ ….
നിന്റെ ജോലിയൊക്കെ എങ്ങിനെ ?’
‘ കുഴപ്പമില്ലമ്മേ .
എട്ട് മണിക്കൂര്‍ ജോലി .
വൈകിട്ട് കൃത്യമായി കൂലി കിട്ടും .
അവിടെക്കിട്ടുന്നതിന്റെ മൂന്ന് നാല് മടങ്ങ് .
കുറഞ്ഞു പോയാല്‍ കൂലി ചോദിച്ച് വാങ്ങാം .
ആരും തല്ലിയോടിക്കില്ല ‘
‘ആട്ടെ …. ഭക്ഷണമൊക്കെ എങ്ങിനെ ?
വിശപ്പ് പോകാന്‍ മാത്രം കിട്ടുമോ ?’
‘ കൊള്ളാം !
അമ്മേ …. ഇവിടൊക്കെ ആള്‍ക്കാര്‍ മൂന്ന് നേരമാ വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ! അതും മിക്കവാറും ഇറച്ചിയും മീനുമൊക്കെ കൂട്ടി .
തവിട്ട് നിറമുള്ള ചോറാണ് .
വെളുത്ത അരികൊണ്ട് എന്തൊക്കെയോ പലഹാരങ്ങളുണ്ടാക്കും ….
അപ്പം ദോശാന്നൊക്കെയാണ് പേര് .
നല്ല രുചിയാണ് . നമ്മുടെ റൊട്ടിയും കിട്ടും
അമ്മേ മറ്റൊരു കാര്യം .
ഇവിടെ എല്ലാ കുട്ടികളും സ്‌കൂളില്‍ പോകുന്നുണ്ട് .
വലിയ വലിയ ധാരാളം സ്‌കൂളുകള്‍ .
ഇവിടാരുന്നെങ്കില്‍ എനിക്കും പഠിക്കാമായിരുന്നു .
അനിയനേയും പെങ്ങളു കുട്ടിയേയും പഠിപ്പിക്കാമായിരുന്നു ‘
എന്തു ചെയ്യാം മകനെ ,
നമ്മുടെ ഗാവില്‍ ഗോമാതാ മാത്രമല്ലേയുള്ളൂ ,
സ്‌കൂളില്ലല്ലോ ‘
‘അവിടുത്തെ ആള്‍ക്കാരൊക്കെ എങ്ങിനെയുണ്ട് ?
ഇവിടെ എന്തൊക്കെയോ കേള്‍ക്കുന്നു ‘
‘ കേട്ടുകേഴ്വികള്‍ വിശ്വസിക്കരുതമ്മേ !
നല്ല ആള്‍ക്കാരാണ് ഇവിടെയുള്ളത് .
മണ്ണില്‍ പണിയെടുക്കുന്നവര്‍ കുറവാണെന്ന് മാത്രം !
മറ്റെന്തൊക്കെയോ ജോലികളും ബിസ്സിനസ്സുമൊക്കെ ചെയ്യുന്നവരാണ് കൂടുതല്‍ . ഇവരുടെ മക്കളൊക്കെ പഠിച്ച് വിദേശ രാജ്യങ്ങളില്‍ പോയി ജോലി ചെയ്യൂന്നു .
ധാരാളം പണം സമ്പാദിക്കുന്നു ‘
‘എന്നാലും സൂക്ഷിക്കണം മകനെ !
അവിടെ നമ്മുടെ ആള്‍ക്കാരെയൊക്കെ കമ്മ്യൂണിസ്റ്റുകള്‍ എന്ന് പറയുന്നവര്‍ കൊന്നൊടുക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം ഗ്രാമപ്രമുഖ് പറഞ്ഞത് ! ‘
‘നിറം പിടിപ്പിച്ച നുണകളാണമ്മേ .
ഇവിടെ വന്നിട്ട് ഇന്നേ വരെ ഒരാളും
‘ നിന്റെ ജാതി ഏതാണെന്ന്’
ചോദിച്ചിട്ടില്ലമ്മെ ‘
‘അത് വലിയ കാര്യം തന്നെ മകനെ .
ഇന്നലേയും ആ ഠാക്കൂര്‍ നിന്റെ അച്ഛനോട് ,
‘വൃത്തികെട്ട ചമാറേ …. നിന്നെ എന്റെ കണ്‍വെട്ടത്ത് കണ്ടുപോകരുത് ‘
എന്ന് അലറുന്നത് കേട്ടു .
‘അതാണമ്മേ .
നമ്മുടെ ഗ്രാമത്തിലുള്ളവരോട് പറയണം ,
നമ്മുടെ രാജ്യത്ത് കേരളമെന്നൊരു നാടുണ്ട് .
അവിടെ മനുഷ്യര്‍ മറ്റുള്ളവരേയും മനുഷ്യരായി കാണുന്നു .
നമ്മുടെ നാടും ഒരുനാള്‍ കേരളം പോലെ മനോഹരമാകുമെന്ന് അവരോട് പറയണം .
മനുഷ്യന് മനുഷ്യനായി ജീവിക്കാന്‍ കഴിയുന്ന മനോഹരമായ ഒരിടം .
അമ്മേ ഉമ്മ ‘