അമ്മയുടെ അസ്ഥിക്കൂടം കണ്ട്‌ മകന്‍ പറയുന്നു ജോലിത്തിരക്കായിരുന്നു.. ഒരു വര്‍ഷമായി തിരിഞ്ഞു നോക്കാന്‍ പറ്റിയില്ല

നാടു വിട്ടാല്‍ പിന്നെ വീട്ടിലെ കാര്യം തിരക്കുന്നതില്‍ പല ആളുകള്‍ക്കും അത്ര താല്‍പര്യം പോര പ്രത്യേകിച്ച് വിവരങ്ങള്‍ അറിയാനുള്ളത് പ്രയമായവരുടേതാണെങ്കില്‍ എന്നതാണ് സത്യം. അങ്ങനെയാണ് നിങ്ങളും എങ്കില്‍ ഒന്നോര്‍ത്തോളു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ നിങ്ങള്‍ക്കും ഇങ്ങനെ കാണേണ്ടി വരും അതുറപ്പാണ്.

ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം അമേരിക്കയില്‍ നിന്നും അമ്മയെ കാണാന്‍ വീട്ടിലെത്തിയ മകനെ ഇത്തവണ വരവേറ്റത് അമ്മയുടെ അസ്ഥിക്കൂടമായിരുന്നു. പ്രമുഖ ഐ.ടി. കമ്പനിയില്‍ ഉദ്യോഗസ്ഥനായ റിതുരാജ് സഹാനി(43) ലാണ് അന്ധേരി ലോകണ്ഡവാലയിലെ ഫല്‍റ്റില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മയുടെ അഴുകിയ അസ്ഥികൂടം കണ്ടത്.

കഴിഞ്ഞ ദിവസം റിതുരാജ് വീട്ടിലെത്തിയപ്പോള്‍ ഫ്‌ളാറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. മുട്ടിവിളിച്ചിട്ടും തുറക്കാതിരുന്നപ്പോള്‍ പൂട്ടുപൊളിച്ച് അകത്തുകയറിയപ്പോഴാണ് മരിച്ച അമ്മ ആശ സഹാനി (63)യെ കണ്ടത.് ശരീരം അഴുകിത്തീര്‍ന്ന് എല്ലുമാത്രം അവശേഷിച്ചതുകൊണ്ട് തന്നെ ആശ മരിച്ചിട്ട് ആഴ്ചകളായിട്ടുണ്ടാകുമെന്നാണ് പോലീസ് നിഗമനം.

നാലു വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചു. അതോടെ അമ്മ ആശ മുംബൈയിലെ ഫ്‌ളാറ്റില്‍ പത്താംനിലയില്‍ തനിച്ചായിരുന്നു. പത്താം നിലയിലെ രണ്ടു ഫ്‌ളാറ്റുകളും ആശയുടെ കുടുംബത്തിന്റേതായതിനാല്‍ മൃതദേഹം അഴുകിയ ദുര്‍ഗന്ധം അയല്‍വാസികളാരും തന്നെ അറിഞ്ഞതുമില്ല. ആരും ആശയെ അന്വേഷിക്കുകയും ചെയ്തില്ല.

റിതുരാജ് സഹാനി ഐ.ടി. കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. ഇരുപതുവര്‍ഷമായി ഭാര്യയ്‌ക്കൊപ്പം അമേരിക്കയിലാണ് താമസം. റിതുരാജ് സഹാനി അമ്മയോട് അവസാനം ഫോണില്‍ സംസാരിച്ചത് 2016 ഏപ്രിലിലായിരുന്നു. ജോലിത്തിരക്കിലായിരുന്നതിനാല്‍ അതിനുശേഷം അമ്മയുടെ സുഖവിവരം അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഈ മകന്റെ മറുപടി.

അവസാനമായി സംസാരിച്ച വേളയില്‍ താന്‍ ഏകാന്തത മടുത്തുവെന്നും ഏതെങ്കിലും വൃദ്ധസദനത്തിലേക്ക് മാറുകയാണെന്നും തന്നോടു സൂചിപ്പിച്ചിരുന്നതായും റിതു രാജ് പറഞ്ഞു. ഇതുപോലെ ജോലിത്തിരക്കുകള്‍ ഏറുമ്പോള്‍ വിസ്മരിക്കാവുന്ന ഒന്നാണോ മാതൃത്വം എന്നതാണ് ഉയരുന്ന ചോദ്യം.