കള്ളക്കടത്തിന് ഉപ്പുമാവും ; ഉപ്പുമാവില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി പിടികൂടി
കള്ളക്കടത്ത് നടത്താന്‍ ഉപ്പുമാവും നല്ലൊരു മാധ്യമമാണ് എന്ന് തെളിയിച്ചിരിക്കുകയാണ് നമ്മുടെ നാട്ടിലെ കള്ളന്മാര്‍. പുണെ വിമാനത്താവളത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഉപ്പുമാവിനുള്ളില്‍ 1.29 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ ഒളിപ്പിച്ച് കടത്താന്‍ നടത്തിയ ശ്രമം പിടികൂടിയ കസ്റ്റംസ് പോലും ഞെട്ടി. ഉപ്പുമാവിനുള്ളില്‍ 1.29 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമം നടന്നത്. രണ്ട് വിമാനയാത്രക്കാരില്‍ നിന്നാണ് ഈ തുക പിടികൂടിയത്. ദുബായിലേക്ക് പോകാനെത്തിയവരില്‍ നിന്നാണ് വിദേശ കറന്‍സികള്‍ പിടിച്ചെടുത്തത്.
യാത്രക്കാരന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ എമിഗ്രേഷന്‍ ഓഫീസര്‍ക്ക് തോന്നിയ സംശയമാണ് കറന്‍സി കടത്ത് പിടികൂടാന്‍ വഴിതെളിച്ചത്. ബാഗേജ് പരിശോധന കഴിഞ്ഞ ശേഷം തിരിച്ചുവിളിച്ച് ചൂടാറാതെ ഉപ്പുമാവ് സൂക്ഷിച്ച കാസറോള്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഉപ്പുമാവ് സൂക്ഷിച്ചിരുന്ന പാത്രത്തിന് ഭാരം കൂടുതലുള്ളതിലാണ് സംശയം തോന്നിയത്. കറുത്ത പോളിത്തീന്‍ കവറിലാക്കി 86,600 ഡോളറും 15,000 യൂറോയുമായിരുന്നു ഉള്ളിലുണ്ടായിരുന്നത്. തുടര്‍ന്ന് എച്ച് രംഗളാനി എന്ന യാത്രക്കാരിയുടെ ബാഗേജ് പരിശോധിച്ചപ്പോള്‍ അതിലുമുണ്ട് ഉപ്പുമാവ്. ഉടനെ അതും തുറന്ന് നോക്കിയപ്പോള്‍ 86,200 ഡോളറും 15,000 യൂറോയുടേയും നോട്ടുകള്‍ കവറിലാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.