ഉഴവൂര്‍ വിജയനെതിരെ നടത്തിയ കൊലവിളി ഫോണ്‍ സംഭാഷണം പുറത്ത്; സംഭാഷണം എന്‍സിപി നേതാവിന്റേത്
അന്തരിച്ച എന്‍.സി.പി. നേതാവ് ഉഴവൂര്‍ വിജയനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ. ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ സുല്‍ഫിക്കര്‍ മയൂരി കൊലവിളി നടത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്.
ഉഴവൂരിന്റെ മരണം സംബന്ധിച്ച കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ ആവശ്യമുയരുന്നതിനിടെയാണ് ഇത് പുറത്ത് വന്നിരിക്കുന്നത്. ഉഴവൂര്‍ വിജയന്റെ മരണത്തിന് രണ്ട് ദിവസം മുമ്പാണ് സംഭാഷണം നടന്നത്.
അതിരൂക്ഷ പരാമര്‍ശത്തോടെയാണ് ഫോണ്‍ സംഭാഷണം. മറ്റൊരു എന്‍.സി.പി. നേതാവിനേട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംഭാഷണം മുഴുവനായും പുറത്ത് വിട്ടിട്ടില്ല. ഉഴവൂര്‍ വിജന്റെ കുടുംബത്തിനെയും സംഭാഷണത്തില്‍ അധിക്ഷേപിക്കുന്നുണ്ട്.
അവന് അടിയും കൊടുക്കും. മുണ്ടും വലിക്കും വേണമെങ്കില്‍ കൊല്ലും. ഒരു കോടിയോ രണ്ട് കോടിയോ മുടക്കുന്നതിന് ബുദ്ധിമുട്ടില്ലാത്തവനാണ് ഞാന്‍. ഉഴവൂര്‍ വിജയന്‍ രാജിവെയ്ക്കണം. ആലപ്പുഴ ജില്ലാ കമ്മിറ്റി ഇന്ന് അത് ആവശ്യപ്പെടുമെന്നും ശബ്ദത്തില്‍ പറയുന്നുണ്ട്.
ഇതിന് ശേഷം സുല്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ നേരിട്ട് വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്കതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഉഴവൂര്‍ വിജയന്‍ കുഴഞ്ഞ് വീണതെന്ന് അദ്ദേഹത്തിന്റെ സന്തതസഹചാരിയും പറയുന്നു.
സുല്‍ഫിക്കര്‍ മയൂരിയടക്കം പാര്‍ട്ടിയിലെ പല നേതാക്കളില്‍ നിന്നും ഉഴവൂര്‍ വിജയന് സമര്‍ദമുണ്ടായിരുന്നതായും ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കടുത്ത മാനസിക സംഘര്‍ഷമുണ്ടായിരുന്നതായി നേരത്തെ വാര്‍ത്ത വന്നിരുന്നു.
കായംകുളം സ്വദേശിയായ എന്‍.സി.പി. നേതാവ് മുജീബ് റഹ്മാന്‍ എന്ന വ്യക്തിയോടായിരുന്നു ഉഴവൂര്‍ വിജയനെതിരെ സുല്‍ഫിക്കര്‍ മയൂരി കൊലവിളി നടത്തിയത്.
പുറത്ത് വിട്ട സംഭാഷണം നടന്നതായി മുജീബ് റഹ്മാനും സ്ഥീരികരിച്ചിട്ടുണ്ട്. ഈ സംഭാഷണം പാര്‍ട്ടി സംസ്ഥാന ഭാരവാഹി യോഗത്തില്‍ ചര്‍ച്ചയായെന്നും ഇതില്‍ അന്വേഷണം നടത്തുമെന്ന് തീരുമാനിച്ചതായും ഉഴവൂര്‍ അറിയിച്ചിരുന്നതായി മൂജീബ് പറയുന്നു.
എന്നാല്‍ ഇത് തന്റെ ശബ്ദമല്ലെന്നാണ് സുല്‍ഫിക്കരുടെ വാദം. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി മുജീബ് റഹ്മാന്‍ കെട്ടിച്ചമതാണ് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ച്. പാര്‍ട്ടിയുടെ യൂത്ത് വിങ്ങില്‍ നിന്നും മുജീബ് ഒഴിവാക്കിയതിന്റെ പേരില്‍ മുജീബിന് തന്നോട് വിരോധമുണ്ട്. മന്ത്രി വഴി ഇത് നേടി തരണമെന്നായിരുന്നു ആവശ്യം.
തനിക്ക് ചുമതലയുള്ള വാര്‍ഡില്‍ താനറിയാതെ ഉഴവൂര്‍ വിജയന്‍ ഭവന സന്ദര്‍ശനത്തിനെത്തിയിരുന്നു. ഇതില്‍ മറ്റ് സംസ്ഥാന നേതാക്കളെ വിളിച്ച് പരാതി അറിയിച്ചിരുന്നു. പക്ഷെ ഉഴവൂര്‍ വിജയനെ കുറിച്ച് അസഭ്യമായി ഒന്നും പറഞ്ഞിട്ടില്ല. ഉഴവൂര്‍ വിജയന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. പുറത്ത് വിട്ട ശബ്ദരേഖയുടെ സാധുത തെളിയിക്കാനും സുല്‍ഫിക്കര്‍ മയൂരി ആവശ്യപ്പെട്ടു.