ലിബര്‍ട്ടി ബഷീര്‍ തന്നെ ഒന്നാം നമ്പര്‍ ശത്രുവായി കണക്കാക്കിയിരുന്നു; ദിലീപിന്റെ ജാമ്യ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയില്‍ തിയ്യറ്റര്‍ ഉടമയായ ലിബര്‍ട്ടി ബഷീറിനെതിരെ കടുത്ത പരാമര്‍ശങ്ങള്‍. ലിബര്‍ട്ടി ബഷീര്‍ തന്നെ ഒന്നാം നമ്പര്‍ ശത്രുവായി കണക്കാക്കിയിരുന്നു.
ഭരണകക്ഷിയിലെ ഉന്നതരുമായി ലിബര്‍ട്ടി ബഷീറിന് അടുത്ത ബന്ധമുണ്ട്. തന്റെ തിയറ്റര്‍ സംഘടന തകര്‍ത്തത് ദിലീപാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നുവെന്നും ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.
ദിലീപിനെ ചോദ്യം ചെയ്തത് അദ്ദേഹത്തിന്റെ പുതിയ തിയറ്റര്‍ സംഘടനയുടെ ഉദ്ഘാടനത്തിന്റെ തലേന്നാണെന്നും അഡ്വ. ബി രാമന്‍പിളള മുഖേന നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. തന്നെ ഇല്ലാതാക്കാന്‍ സിനിമാരംഗത്ത് തന്നെ ഗൂഢാലോചന നടക്കുകയാണ്. ശക്തരായ ചില ആളുകളാണ് ഇതിന് പിന്നില്‍.
ജയിലില്‍ ആയതിനാല്‍ രാമലീല ഉള്‍പ്പെടെയുളള ബിഗ്ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ സാധിക്കുന്നില്ല. അന്‍പത് കോടിയോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് വ്യക്തമാക്കുന്നു. നാളെയാണ് ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.