ആര്‍ത്തവകാലത്തെ അശുദ്ധി കല്‍പ്പിക്കല്‍ ഇനി ക്രിമിനല്‍ കുറ്റം
കാഠ്മണ്ഡു : സാനിറ്ററി പാഡിന് നികുതി കുറയ്ക്കുവാന്‍ സ്ത്രീകള്‍ സമരവുമായി തെരുവില്‍ ഇറങ്ങിയ രാജ്യമാണ് ഇന്ത്യ. അതുപോലെ സ്ത്രീയുടെ ആര്‍ത്തവ വിഷയവും ആരാധനാലയത്തിലെ പ്രവേശനവും എപ്പോഴും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയം കൂടിയാണ്. പലരുടെയും മുഖം ചുളിയുന്ന ഒരു വാക്കാണ് സ്ത്രീയുടെ ആര്‍ത്തവം എന്നത്. ഇതിനും മാത്രം എന്ത് ഭീകരതയാണ് അത് സമൂഹത്തിനു മുന്‍പില്‍ വെക്കുന്നത് എന്നത് ഇപ്പോഴും പലര്‍ക്കും മനസിലായിട്ടില്ല. അതുകൊണ്ട് തന്നെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീയെ ഒറ്റപ്പെടുത്തുന്ന ആചാരങ്ങള്‍ കൊണ്ട് സംബുഷ്ടമാണ് നമ്മുടെ രാജ്യം.
അതുപോലെ ഇത് എന്തോ വലിയ മാരകമായ അസുഖം എന്ന തരത്തിലാണ് ടെലിവിഷനില്‍ മറ്റും വരുന്ന സാനിറ്ററി പാഡുകളുടെ പരസ്യങ്ങളും. ഇതൊക്കെയാണ് ഇന്ത്യയിലെ കാര്യങ്ങള്‍ എന്നിരുന്നാലും നമ്മുടെ അയല്‍ രാജ്യമായ നേപ്പാളില്‍ നിന്നും സ്ത്രീകള്‍ക്ക് പ്രതീക്ഷനല്‍കുന്ന തരത്തിലുള്ള ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ആര്‍ത്തവ കാലത്ത് അശുദ്ധി കല്‍പിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം നേപ്പാള്‍ പാര്‍ലമെന്റ് ബുധനാഴ്ച പാസാക്കി. ആര്‍ത്തവകാലത്ത് ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുകയോ ഏതെങ്കിലും ആചാരം പിന്തുടരാന്‍ നിര്‍ബന്ധിക്കുകയോ ചെയ്താല്‍ അത് മൂന്നുമാസം വരെ ജയില്‍ ശിക്ഷയും 3000 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമായിരിക്കും.
നേപ്പാളിലെ ഒട്ടുമിക്ക ജാതി വിഭാഗങ്ങളിലും ആര്‍ത്തവ കാലത്ത് അശുദ്ധി കല്‍പ്പിക്കുന്ന പ്രാകൃതമായ ആചാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ചില മേഖലകളില്‍ ആര്‍ത്തവ കാലത്ത് വീട്ടില്‍ നിന്ന് ആട്ടിയോടിക്കുക എന്നത് പോലും ആചാരമാണ്. ഛൗപാദി എന്നാണു ഇതിന്റെ പേര് . ആര്‍ത്തവകാലത്തും സ്ത്രീകള്‍ അമ്മയാകുമ്പോഴും അവരെ മാറ്റി നിര്‍ത്തുകയും അയിത്തം പിന്തുടരുകയും ചെയ്യുന്ന ആചാരമാണ് ഛൗപാദി. ഈ സമയങ്ങളില്‍ സ്ത്രീകള്‍ക്ക് മറ്റുള്ളവര്‍ കഴിക്കുന്ന ഭക്ഷണ സാധനങ്ങളോ വസ്ത്രങ്ങളോ തൊടാനോ ഉപയോഗിക്കാനോ സാധിക്കില്ല. ഛൗപാദി ആചരിക്കുന്നത് സുപ്രിം കോടതി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ തടഞ്ഞിരുന്നെങ്കിലും, പലമേഖലകളിലും തുടര്‍ന്നും ഇത് ആചരിച്ചു വരികയായിരുന്നു. നിയമ നിര്‍മാണത്തോടെ ചരിത്രപരമായ തീരുമാനമാണ് നേപ്പാള്‍ പാര്‍ലമെന്റ് എടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.