ന്യൂസ് 18 ചാനല്‍ അവതാരക ആത്മഹത്യക്ക് ശ്രമിച്ചു ; കാരണം തൊഴില്‍ പീഡനവും ജാതി പറഞ്ഞു ആക്ഷേപവും എന്ന് ആരോപണം
റിലയന്‍സിന്റെ മാധ്യമസ്ഥാപനമായ ന്യൂസ് 18 കേരളയിലെ വനിതാ ജേര്‍ണലിസ്റ്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാധ്യമസ്ഥാപനത്തിലെ തൊഴില്‍ പീഡനം മൂലമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനലിന്റെ മലയാളം വിഭാഗത്തില്‍ മാധ്യമ പ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലൂടെ പുറത്താക്കുന്നതായി ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് അവതാരകയുടെ ആത്മഹത്യാശ്രമം ഉണ്ടായിരിക്കുന്നത്. ദളിത് വിഭാഗത്തില്‍ പെട്ട ഇവര്‍ക്ക് കഴിഞ്ഞ കുറച്ചു ദിവസമായി കടുത്ത മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചാനലിന്റെ ഓഫീസില്‍ വച്ചു തന്നെ ഗുളിക കഴിച്ച് അവര്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും വാര്‍ത്തകള്‍ ഉണ്ട്.
പെര്‍ഫോമന്‍സ് മോശമാണെന്ന് ചൂണ്ടിക്കാണിച്ചാണ്എ പുറത്താക്കാന്‍ ശ്രമിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. കുറച്ചു നാളുകളായി ന്യൂസ് 18 വാര്‍ത്താ ചാനലില്‍ തൊഴില്‍ പീഡനമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വനിതാ മാധ്യമ പ്രവര്‍ത്തകരെയടക്കം ഒരു പറ്റം ജേര്‍ണലിസ്റ്റുകളെ തെരഞ്ഞു പിടിച്ചായിരുന്നു മേലധികാരികളുടെ പീഡനം. ചാനലിന്റെ ആദ്യ ഘട്ടം മുതല്‍ അഹോരാത്രം ജോലി ചെയ്ത മാധ്യമ പ്രവര്‍ത്തകരെയാണ് തെരഞ്ഞു പിടിച്ച് മാനസികമായി അവഹേളിക്കുകയും പിരിച്ചുവിടുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തത്. മികച്ച ജോലി അവസരം തേടി എത്തിയവരോട് ജോലി മികവില്ലെന്ന കാരണം പറഞ്ഞ് രാജിവെച്ചു പോവാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
രാജ്യത്തെ തൊഴില്‍ നിയമങ്ങളൊന്നും തന്നെ ബാധകമല്ലെന്ന രീതിയിലാണ് എച്ച് ആര്‍ മാനേജര്‍ പെരുമാറുന്നതെന്നും സി. നാരായണന്‍ പറയുന്നു. അതേസമയം ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.