വിയന്നയില്‍ വോയ്സ് വിയന്നയുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് മാമാങ്കം
വിയന്ന: ഓസ്ട്രിയയിലെ മലയാളി സംഘടനയായ വോയ്സ് വിയന്നയുടെ നേതൃത്വത്തില്‍ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഭാരതത്തിന്റെ 70-മത് സ്വാതന്ത്ര്യ ദിനാചരണത്തില്‍ വിയന്നയിലെ ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
ഇത് രണ്ടാം തവണയാണ് വോയ്സ് വിയന്ന ഏകദിന ക്രിക്കറ്റ് സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 15ന് ഓസ്ട്രിയയിലെ കോര്ണനോയിബുര്ഗിലുള്ള സേബാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. വോയ്സ് വിയന്നയ്ക്ക് പുറമെ അഞ്ചു ടീമുകള്‍ കൂടി ടൂര്‍ണമെന്റില്‍ പങ്കെടുക്കും. രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഏഴു കളികള്‍ ഉണ്ടാകും.
വോയ്സ് പ്രസിഡണ്ട് മേഴ്സി കക്കാട്ട് ടൂര്‍ണമെന്റ് ഉത്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് കളിക്കാരും, സംഘാടകരും ചേര്‍ന്ന് പതാകയുയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. മത്സര വിജയികള്‍ക്ക് ഇന്ത്യന്‍ അംബാസിഡര്‍ രേണു പാല്, അനാദി ബാങ്ക് ഡയറക്ടര്‍, ഐ വാര്‍ത്ത പ്രതിനിധി തുടങ്ങിയവര്‍ ട്രോഫികള്‍ സമ്മാനിയ്ക്കും. ടൂര്ണമെന്റിലേയ്ക്ക് പ്രവേശനവും, ഭക്ഷണവും സൗജന്യമായിരിക്കും.
എല്ലാ ക്രിക്കറ്റ് പ്രേമികളെയും മത്സരങ്ങള്‍ വീക്ഷിക്കുന്നതിനും സ്വാതന്ത്ര്യ ദിനാചരണ ആഘോഷത്തിലേയ്ക്കും ക്ഷണിക്കുന്നതായി വോയ്സ് വിയന്നയുടെ പ്രസിഡണ്ട് മേഴ്സി കക്കാട്ട്, സെക്രട്ടറി സുനില്‍ കോര, സ്പോര്‍ട്സ് സെക്രട്ടറി മനോജ് അവരപ്പാട്ട് എന്നിവര്‍ അറിയിച്ചു.