ഐജി അറിയാതെയാണ് ബി സന്ധ്യ ചോാദ്യം ചെയ്തത്; ദിലീപ് മൊഴി നല്‍കുമ്പോള്‍ വീഡിയോ ക്യാമറ ഓഫ് ചെയ്തു, ജാമ്യ ഹര്‍ജിയില്‍ വാദങ്ങള്‍ ഏറെ

 

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി. ബി.സന്ധ്യയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി ദിലീപിന്റെ ജാമ്യഹര്‍ജി. കേസിന്റെ അന്വേഷണ സംഘത്തലവന്‍ ഐ.ജി. ദിനേന്ദ്ര കാശ്യപ് അറിയാതെയാണ് ബി.സന്ധ്യ ദിലീപിനെ ചോദ്യം ചെയ്തത്.

ചോദ്യംചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. മാധ്യമങ്ങളുമായി അടുപ്പമുള്ള ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരേ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ദിലീപ് മൊഴി നല്‍കുമ്പോള്‍ വീഡിയോ ക്യാമറ ഓഫ് ചെയ്തു. എന്നും ദിലീപ് തന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന് ഭരണമുന്നണിയിലെ നേതാവിന്റെ മകനുമായി ബിസിനസ് ബന്ധമുണ്ടെന്നും ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ദിലീപിനോട് നീരസം വച്ചുപുലര്‍ത്തുന്ന വ്യക്തിയാണ് ശ്രീകുമാര്‍ മേനോനെന്നും ഹര്‍ജിയില്‍ പറയുന്നു.

ചലച്ചിത്ര മേഖലയിലെ ചിലര്‍ തന്റെ ഭാവി തകര്‍ക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് ഈ കേസ് എന്നാണ് ജാമ്യഹര്‍ജിയിലെ ദിലീപിന്റെ പ്രധാന വാദം. തകര്‍ക്കാന്‍ മറ്റ് വഴിയൊന്നും കാണാതെ കേസില്‍ കുടുക്കാന്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഇരയാവുകയായിരുന്നു.

ജസ്റ്റിസ് സുനില്‍തോമസിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് ഇന്ന് ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ഇന്നലെ അഡ്വ. ബി രാമന്‍പിളളയുടെ നേതൃത്വത്തില്‍ വിശദമായ ജാമ്യഹര്‍ജിയാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. നേരത്തെ ജൂണ്‍ 24ന് ഹൈക്കോടതി ദിലീപിന്റെ ജാമ്യഹര്‍ജി തളളിയിരുന്നു. കടുത്ത പരാമര്‍ശങ്ങളാണ് ഹര്‍ജി തളളിക്കൊണ്ട് കോടതി നടത്തിയത്.