മട്ടന്നൂര്‍ വിജയം മറയ്ക്കാന്‍; ദളിത് യുവതിയെ മര്‍ദ്ദിച്ചിട്ടില്ല, പാര്‍ട്ടിയ്ക്കും പോലീസിനും പരാതിയൊന്നും ലഭിച്ചിട്ടില്ല
മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവുമായ കെ. ഭാസ്‌കരനെതിരെ ഉയര്‍ന്ന ആരോപണം അവാസ്തവമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പോലീസിനും സി.പി.എമ്മിനും ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ല. ദളിത് യുവതിയെ ഭാസ്‌കരന്‍ മര്‍ദിച്ചിട്ടില്ല.
പരാതി അവാസ്തവമാണ്. എല്‍.ഡി.എഫ്. വിജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുണ്ടായ വാര്‍ത്തയാണത്. മട്ടന്നൂരില്‍ എല്‍.ഡി.എഫ്. നേടിയ വിജയം മറച്ചുപിടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ വിഷയം ഉന്നയിച്ചത്.
ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവിനെതിരെ നടപടിയെടുക്കാന്‍ സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശമെന്നായിരുന്നു ഇന്നു പുറത്തുവന്ന വാര്‍ത്ത. പാര്‍ട്ടിക്കാരിയായ ദളിത് യുവതിയെ മര്‍ദിച്ചെന്ന പേരിലാണ് കെ.ഭാസ്‌കരനെതിരെ നടപടി എടുക്കാന്‍ സി.പി.എം. സംസ്ഥാന ഘടകത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശമെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മട്ടന്നൂരിലെ മുന്‍ നഗരസഭാംഗവും സി.പി.എം. ബൂത്ത് ഏജന്റുമായ ഷീല രാജനാണ് പരാതിക്കാരി. നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്.
ആഗസ്റ്റ് എട്ടാം തിയതി പെരിഞ്ചേരി ബൂത്തില്‍ ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കത്തിനിടെ ബൂത്തിലെത്തിയ പോളിങ് ഉദ്യോഗസ്ഥരോട് ശൈലജയുടെ ഭര്‍ത്താവായ കെ. ഭാസ്‌കരനെപ്പറ്റി ഷീല നേരത്തെ പരാതി പറഞ്ഞു.
തുടര്‍ന്ന് ഭാസ്‌കരന്‍ ഷീലയുടെ നേര്‍ക്ക് തിരിയുകയും ചീത്തവിളിക്കുകയും തല്ലുകയും ചെയ്‌തെന്നാണ് പരാതി. തുടര്‍ന്ന് ഷീലയുടെ ഭര്‍ത്താവ് കെ.പി രാജന്‍ സ്ഥലത്തെത്തി. ഭാസ്‌കരനും രാജനും തമ്മിലും വാക്കേറ്റമുണ്ടാ കുകയും ചെയ്തു. പോലീസില്‍ പരാതി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഇവരെ പാര്‍ട്ടിക്കാര്‍ പിന്തിരിപ്പിച്ചതാണെന്നും ആക്ഷേപമുണ്ട്.
തുടര്‍ന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും പരാതി നല്‍കിയത്. ഇവിടെ നിന്നും നടപടി ഉണ്ടാകാത്തതിനാല്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാണ് മുഖ്യമന്ത്രി ഇപ്പോള്‍ നിയമസഭയില്‍ തളളിയത്.