അറസ്റ്റിലായിട്ട് ഒരുമാസം പിന്നിട്ടു; ദിലീപിനെ കാണാന്‍ അമ്മയെത്തി..

കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലെത്തി. ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പം ഉച്ചകഴിഞ്ഞാണ് ഇവര്‍ സബ് ജയിലില്‍ എത്തിയത്. ദിലീപ് അറസ്റ്റിലായി ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് താരത്തിന്റെ അമ്മ സബ് ജയിലില്‍ എത്തി  കണ്ടത്.

ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജും സബ് ജയിലില്‍ എത്തിയെങ്കിലും അകത്തേക്ക് പ്രവേശിച്ചില്ല. ഇതിനു മുമ്പ് സഹോദരന്‍ അനൂപ് അല്ലാതെ മറ്റ് അടുത്ത ബന്ധുക്കളൊന്നും ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നില്ല. അമ്മയോടും മകള്‍ മീനാക്ഷിയോടും ഭാര്യ കാവ്യാ മാധവനോടും തന്നെ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദേശിച്ചതും വിവരമുണ്ട്.

ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലാകുന്നത്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ദിലീപ് ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും രണ്ടു തവണയും ഹര്‍ജി കോടതി തള്ളുകയായിരുന്നു.

ഇതേത്തുടര്‍ന്ന് ദിലീപിനായി കേസ് വാദിച്ചിരുന്ന അഡ്വ. രാംകുമാറിനെ മാറ്റി ബി രാമന്‍പിള്ളയ്ക്ക് കേസ് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ച്ചയിലേയ്ക്ക് മാറ്റി