മുരുകന് ചികിത്സ നിഷേധിച്ച സംഭവം, ആശുപത്രി അധികൃതരുടെ അറസ്റ്റ് ഉടന്‍
കൊല്ലം: വാഹനപകടത്തില്‍പ്പെട്ട തമിഴ്നാട് നാട് സ്വദേശി മുരുകന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ്. മുരുകന് ചികിത്സ നിഷേധിച്ച ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടയും മൊഴി എടുക്കല്‍ പൂര്‍ത്തിയായി. അഞ്ച് ആശുപത്രികളുടെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായതായി മോഴിയെടുക്കലില് വ്യക്തമായതായി പോലീസ് അറിയിച്ചു.
അപകടത്തില്‍പ്പെട്ട് പരിക്കേറ്റ മുരുകന് ചികിത്സ നിഷേധിച്ച മേവറം മെഡിസിറ്റി, അയത്തില്‍ മെഡിട്രീന, മീയണ്ണൂര്‍ അസീസിയ, പോങ്ങുമ്മൂട് എസ്.യു.ടി റോയല്‍, തിരുവനന്തപുരം മെഡിക്കല്‍കോളേജ് എന്നീ ആശുപത്രികള്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ചികിത്സ നിഷേധിച്ച സാഹചര്യത്തില്‍ ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. ഡോക്ടര്‍മാരുടെ നിര്‍ദേശം ഇല്ലാതെ നഴ്സ് ഉള്‍പ്പടെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന വസ്തുത പൊലീസിന് ബോദ്ധ്യമുണ്ട്. ഇത്തരം കേസുകളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരെങ്കിലും താല്പര്യം കാണിച്ചാല്‍ അവരുടെ ശമ്ബളത്തില്‍ നിന്നും ചികിത്സാതുക ഈടാക്കുമെന്ന മുന്നറിയിപ്പ് ചില ആശുപത്രി മാനേജ്മെന്റുകള്‍ നല്കിയിട്ടുണ്ടെന്നതും കേസില്‍ നിര്‍ണ്ണായക ഘടകമാണ്.
സംഭവത്തില്‍ സംസ്ഥാനത്തിന് വേണ്ടി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമ സഭയില്‍ മാപ്പ് പറഞ്ഞതോടെ മുരുകന്റെ മരണത്തിന് ഉത്തരവാദികളായ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് എ. സി. പി എ. അശോകനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം.അന്വേഷണ സംഘം ഇന്നലെ രാത്രി വൈകി കൊല്ലം എ. സി. പി യുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു.ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന എ.ഡി. ജി. പി യുടെ ക്രൈം കോണ്‍ഫറന്‍സിന് ശേഷം അറസ്റ്റ് ഉണ്ടാകുമെന്നും സൂചനയുണ്ട്. കൊല്ലം പൊലീസ് കമ്മീഷണര്‍ എസ്. അജീതാ ബീഗം ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.