തമിഴ് നാട് പിടിക്കാന്‍ തയ്യറായി ബി ജെ പി ; പളനിസാമി പ്രധാനമന്ത്രിയെ കണ്ടു ; ശശികലയുടെ ഭാവി തുലാസില്‍
ജയലളിതയുടെ മരണത്തിനു ശേഷം തമിഴ് രാഷ്ട്രീയം ഇതുവരെ സമാധാനപരമായ ഒരു അന്തരീക്ഷത്തില്‍ എത്തിയിട്ടില്ല.മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള വടംവലിയും ജയലളിതയുടെ ഉറ്റ തോഴി ശശികലയുടെ ജയില്‍ വാസവും എല്ലാം സിനിമാ കഥകളെ പോലും വെല്ലുന്ന തരത്തില്‍ അരങ്ങേറിയ തമിഴ് മണ്ണില്‍ ഇപ്പോളിതാ തെന്നിന്ത്യയില്‍ ഒരു സംസ്ഥാനത്ത് കൂടി ശക്തമായ രാഷ്ട്രീയ സാന്നിധ്യം സ്ഥാപിക്കാന്‍ ബിജെപിയ്ക്ക് അവസരം നല്‍കുന്ന രീതിയിലായി കാര്യങ്ങളുടെ പോക്ക്. ബദ്ധവൈരികള്‍ എന്ന് ഒരുകാലത്ത് കരുതിയിരുന്ന ഒ പനീര്‍ശെല്‍വവും ഇപ്പോഴത്തെ മുഖ്യമന്ത്രി ഇകെ പളനിസ്വാമിയും കൈകോര്‍ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
അണ്ണ ഡിഎംകെയുടെ രണ്ട് പാര്‍ട്ടികളും ഒന്നായിക്കഴിഞ്ഞാല്‍ പിന്നീട് വരിക എന്‍ഡിഎ മുന്നണി പ്രവേശം തന്നെയാണ്. കര്‍ണാടകത്തിലെ ജയിലില്‍ കഴിയുന്ന ശശികലയെ പൂര്‍ണമായും ഒതുക്കി പാര്‍ട്ടി പിടിച്ച് ശക്തരാകാനുള്ള നീക്കത്തിലാണ് പളനിസ്വാമിയും പനീര്‍ശെല്‍വവും. കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. തമിഴ് രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ രണ്ട് അതികായരായ ഒ പനീര്‍ശെല്‍വവും ഇകെ പളനിസ്വാമിയും ഒരുമിക്കുന്നു എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. രണ്ട് പേരും ഒന്നിക്കുന്നതോടെ അണ്ണാ ഡിഎംകെ വീണ്ടും ശക്തമാകും. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ചത് പനീര്‍ശെല്‍വവും പളനിസ്വാമിയും ഒന്നിക്കാന്‍ ധാരണയായിട്ടുണ്ട്. പല കാര്യങ്ങളിലും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.രണ്ട് പ്രബല വിഭാഗങ്ങള്‍ ഒരുമിച്ചാല്‍ അതോടൊപ്പം തന്നെ എന്‍ഡിഎ മുന്നണി പ്രവേശവും ഉണ്ടാകും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തമിഴകത്ത് ബിജെപിയ്ക്ക് കിട്ടാന്‍ പോകുന്ന ഏറ്റവും വലിയ കച്ചിത്തുരുമ്പായിരിക്കും അത് എന്ന് ഉറപ്പാണ്.
ശശികലയെ തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം പളനിസ്വാമി പ്രമേയം പാസാക്കിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് ശശികലയേയും ടിടിവി ദിനകരനേയും പുറത്താക്കാനുള്ള സാധ്യതകള്‍ പോലും തള്ളിക്കളയാന്‍ ആകാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിയാകാന്‍ കൊതിച്ച ശശികല അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ ആയപ്പോള്‍ പളനി സ്വാമിയെ മുഖ്യമന്ത്രിക്കസേരയില്‍ അവരോധിക്കുക ആയിരുന്നു. പനീര്‍ശെല്‍വം അപ്പോഴേക്കും ശശികല ക്യാമ്പില്‍ നിന്ന് പുറത്ത് പോവുകയും ചെയ്തിരുന്നു. ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രിയെ കണ്ടത്. ഒ. പനീര്‍ശെല്‍വവും ഇന്ന് പ്രധാനമന്ത്രിയെ കാണും. 12 മണിയോടെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 20 മിനിറ്റ് ഇരുവരും ചര്‍ച്ച നടത്തി. ലയനത്തിന് ശേഷം അണ്ണാഡി.എം.കെ എന്‍.ഡി.എയുടെ ഘടകകക്ഷിയാകുമെന്നാണ് സൂചന.
ശശികലയുടെ ബന്ധുവായ ടി.ടി.വി ദിനകരന്‍ പാര്‍ട്ടി പിടിക്കാന്‍ ഇറങ്ങിയതോടെയാണ് എടപ്പാടി-പന്നീര്‍ശെല്‍വം -പക്ഷങ്ങള്‍ തമ്മിലുള്ള ലയനത്തിന് വേഗം കൂടിയത്. 122 എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്ന് അവകാശപ്പെട്ട ദിനകരന്‍, 45 അംഗ ഭാരവാഹികളുടെ പട്ടികയും കഴിഞ്ഞദിവസം പുറത്തിറക്കി. ദിനകരന്‍ പക്ഷം പിന്തുണ പിന്‍വലിച്ചാല്‍ പളനിസ്വാമിക്ക് അധികാരത്തില്‍ തുടരുക ബുദ്ധിമുട്ടാകും. ഇതുകൂടി ലയനത്തിന് കാരണമാണ്. ശശികലയെയും ദിനകരനെയും ഒഴിവാക്കുകയെന്ന ഒ.പി.എസ് പക്ഷത്തിന്റെ ആവശ്യം പളനിസ്വാമി വിഭാഗം അംഗീകരിച്ചിട്ടുണ്ട്. അതേസമയം, തമിഴ്നാട്ടില്‍ പളനിസാമി സര്‍ക്കാറിനെതിരെ വേണ്ടിവന്നാല്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷമായ ഡി.എം.കെ അറിയിച്ചു. ഒരു അവിശ്വാസ പ്രമയം അവതരിപ്പിച്ച് ആറുമാസത്തിനു ശേഷം മാത്രമേ അടുത്തത് അനുവദനീയമാകൂ. ഫെബ്രുവരിയില്‍ ഡി.എം.കെ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു.