63 കുട്ടികള്‍ മരിച്ച സംഭവം; യോഗി ആദിത്യനാഥ് രാജി വെയ്ക്കണമെന്ന് കോണ്‍ഗ്രസ്

ഉത്തര്‍ പ്രദേശിലെ ഗോരഖ്പുരിലെ ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 63 കുട്ടികള്‍ മരിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ് രാജി വെയ്ക്കണമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം ഗോരഖ്പൂര്‍ ആശുപത്രി സന്ദര്‍ശിച്ചു. കുട്ടികളുടെ മരണത്തില്‍ അഗാദദുഖം രേഖപ്പെടുത്തിയ രാഹുല്‍ ഗാന്ധി, സംഭവത്തില്‍ ബി.ജെ.പി സര്‍ക്കാരിനാണ് ഉത്തരവാദിത്തണെന്ന് ട്വീറ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്‌സഭാ മണ്ഡലമാണു ഗോരഖ്പുര്‍.

കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത് 63 കുട്ടികളാണ്. മസ്തിഷ്‌ക ജ്വരം ബാധിച്ചകുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് കുട്ടികളുടെ കൂട്ടമരണം പുറത്തുവന്നത്. ഓക്സിജന്‍ തീരാന്‍ കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്നുളളതിന്റെ തെളിവുകളും പുറത്തുവന്നു. ഓക്സിജന്‍ സിലിണ്ടറുകള്‍ ഇല്ലെന്ന് അറിയിച്ചുളള രണ്ട് കത്തുകളിലും ബന്ധപ്പെട്ട വകുപ്പ് നടപടിയെടുത്തില്ലെന്നാണ് ആരോപണം. ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട് സ്ഥിതി വിശദീകരിച്ചു.

അതേസമയം, നവജാത ശിശുക്കളടക്കമുള്ളവര്‍ മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചു. ഓക്‌സിജന്‍ വിതരണത്തിലെ പിഴവുമൂലമല്ല ദുരന്തമുണ്ടായത് എന്നാണ് സര്‍ക്കാര്‍ അധികൃതര്‍ ഇപ്പോഴും നല്‍കുന്ന വിശദീകരണം. എന്നാല്‍, എന്താണ് മരണകാരണമെന്ന് വ്യക്തമാക്കുന്നുമില്ല. ജില്ലാ മജിസ്‌ട്രേട്ട് രാജീവ് റൗതേല ആണ് 48 മണിക്കൂറിനിടെ 30 കുട്ടികള്‍ മരിച്ച കാര്യം ആദ്യം പുറത്ത് വിട്ടത്.

ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം ചെയ്തിരുന്ന കമ്പനിക്ക് 68 ലക്ഷം രൂപ കുടിശിക വരുത്തിയിരുന്നു. ഇതെത്തുടര്‍ന്നു കമ്പനി വ്യാഴാഴ്ച ഓക്‌സിജന്‍ വിതരണം നിര്‍ത്തി വയ്ക്കുകയായിരുന്നുവെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍, പകരം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നതായും ആശുപത്രിയില്‍ വേണ്ടത്ര ഓക്‌സിജന്‍ സിലണ്ടറുകള്‍ ലഭ്യമായിരുന്നുവെന്നും ജില്ലാ മജിസ്‌ട്രേട്ട് പറഞ്ഞു.