ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ചിത്രത്തില്‍ ഇറ്റാലിയന്‍ മലയാളി താരവും
റോം: പ്രശസ്ത നടനും സംവിധായകനുമായ ക്ലിന്റ് ഈസ്റ്റ് വുഡിന്റെ പുതിയ ചിത്രത്തില്‍ ഇറ്റാലിയന്‍ മലയാളി അഭിനയിക്കുന്നു. പാരീസ് തീവ്രവാദി ആക്രമണവുമായി ബന്ധപെട്ട് ഷൂട്ടിംഗ് പുരോഗമിക്കുന്ന ദി 15:17 ടു പാരീസ് എന്ന ചിത്രത്തിലാണ് കൊല്ലം കടവൂര്‍ സ്വദേശിയായ ജോണ്‍ കെന്നഡി അഭിനയിക്കുന്നത്. ചിത്രത്തില്‍ നിര്‍ണായകമായ റോളിലാണ് ജോണ്‍ കെന്നഡി എത്തുന്നത്.
ഇറ്റലിയില്‍ ക്രിക്കറ്റ് പരിശീലകനാണ് കെന്നഡി. ഇത്തരത്തില്‍ ഇറ്റലിയില്‍ ക്രിക്കറ്റ് പരിശീലക സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ജോണ്‍. ഇന്ത്യന്‍-പാകിസ്ഥാന്‍ വംശജര്‍ നിറഞ്ഞ റോമിനടുത്തുള്ള ഫെബ്രിയനോയിലെ കാസില്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ മാനേജരും വിക്കറ്റ് കീപ്പറുമായി തിളങ്ങുമ്പോള്‍ ആണ് അപ്രതീക്ഷിതമായി ക്ലിന്റ്ഈസ്റ്റ് വുഡ് ചിത്രത്തില്‍ അവസരം ലഭിച്ചത്.
പാരീസിലെ ഒരു ട്രെയിനില്‍ നടക്കുന്ന തീവ്രവാദി ആക്രമണത്തെ ചെറുക്കുന്ന മൂന്നു അമേരിക്കന്‍ പട്ടാളക്കാര്‍ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ആന്റണി സാഡ്ലര്‍, അലെക് സ്‌കാര്ലടോസ്,സ്പെന്‍സര്‍ സ്റ്റോണ്‍, ജെഫ്രി ഇ.സ്റ്റേന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ക്ലിന്റ് ഈസ്റ്റ് വുഡിന്റെ മുപ്പത്തിയാറാം ചിത്രമാണ് ഇത്.