മെഡിക്കല്‍ പ്രവേശനം : സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് സംബന്ധിച്ച് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി ഉത്തരവ്. സ്വാശ്രയ കോളേജുകളിലേക്കുള്ള പ്രവേശനങ്ങള്‍ക്കു  താല്‍ക്കാലിക ഫീസായി11 ലക്ഷം രൂപ വരെ ഈടാക്കാമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നത്. ഫീസ് അഞ്ച് ലക്ഷമായി നിശ്ചയിച്ചുള്ള കേരളം ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

85 ശതമാനം സീറ്റുകളില്‍ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റി നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ ഈടാക്കി തല്‍ക്കാലം പ്രവേശനം നടത്താനായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഈ വിധിക്കെതിരെയാണ് സ്വാശ്രയ മാനേജുമെന്റുകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഫീസില്‍ ഭാവിയില്‍ മാറ്റം വരാമെന്ന് വിദ്യാര്‍ഥികളെ അറിയിച്ചു വേണം പ്രവേശനം നടത്തേണ്ടതെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് മാനേജ്‌മെന്റുകള്‍ വാദിച്ചു. ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ അനുമതി നല്‍കി ഭാവിയില്‍ വിധി വന്നാലും വിദ്യാര്‍ഥികള്‍ക്ക് അത് നല്‍കാന്‍ കഴിയണമെന്നില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതു കൊണ്ട് അധിക ഫീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്ത ശേഷം പ്രവേശന നടപടികള്‍ മതിയെന്നായിരുന്നു മാനേജ്‌മെന്റുകളുടെ വാദം.

ഹൈകോടതിയുടെ അന്തിമ വിധി വരുന്നത് വരെ 11 ലക്ഷം ഫീസായി ഈടാക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഫീസ് പൂര്‍ണമായും പണമായി ഈടാക്കാനാവില്ല. 5 ലക്ഷം പണമായും ബാക്കി ബാങ്ക് ഗ്യാരണ്ടിയായും വിദ്യാര്‍ഥികള്‍ നല്‍കിയാല്‍ മതി. പണമായി മുഴവന്‍ തുകവിദ്യാര്‍ഥികള്‍ നല്‍കുകയാണെങ്കില്‍ അഞ്ച് ലക്ഷം കഴിഞ്ഞ് അധികമായി നല്‍കുന്ന തുക പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കാനുംസുപ്രീംകോടതിനിര്‍ദേശിച്ചിട്ടുണ്ട്.