സ്പാനിഷ് സൂപ്പര്‍ കപ്പ്: ആദ്യ പാദത്തില്‍ റയലിന് ഉജ്ജ്വല വിജയം

ബാഴ്സലോണ: സ്പാനിഷ സൂപ്പര്‍ കപ്പിലെ ആദ്യ പാദത്തില്‍ റയലിന് വിജയം. ബാഴ്സയുടെ മൈതാനമായ നൂകാംപില്‍  നടന്ന മത്സരത്തില്‍  ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു റയലിന്റെ ജയം.  ബാഴ്സ താരം  ജെറാഡ് പിക്കെയുടെ സെല്‍ഫ്  ഗോള്‍, സുവാരാസ് ഡ‌‌ൈവിങ്ങിലൂടെ നേടിയ വിവാദ പെനാല്‍റ്റി, റയല്‍ സൂപ്പര്‍ താരം റൊണാള്‍ഡോയുടെ  ചുവപ്പ് കാര്‍ഡ് എനിങ്ങനെ സംഭവ ബഹുലമായ എല്‍-ക്ലാസ്സിക്കോ ആയിരുന്നു നുകാംപിലേത്.  പികെയുടെ സെല്‍ഫ്റ ഗോളില്‍ റയല്‍ ആണ് ആദ്യം മുന്നിലെത്തിയത്.  സുവാരസിനെ  പെനാല്‍റ്റി ബോക്സിനുള്ളില്‍ റയല്‍ ഗോള്‍കീപ്പര്‍ നവാസ് വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെസ്സിയിലൂടെ ബാഴ്സ സമനില പിടിച്ചു.   പിക്കെയെ കബളിപ്പിച്ച്‌  സൂപ്പര്‍ താരം റൊണാള്‍ഡോയുടെ മനോഹര ഗോള്‍ റയലിനെ വീണ്ടും  മുന്നിലെത്തിച്ചു.  ഗോള്‍ നേടിയ  ശേഷം ജെഴ്സി ഊരിക്കൊണ്ടുള്ള ആഹ്ലാദപ്രകടനം  റൊണാള്‍ഡോക്ക് മഞ്ഞ ക്കാര്‍ഡ് സമ്മാനിക്കുകയും ചെയ്തു.

അടുത്ത നിമിഷം സാമ്വല്‍ ഉമിറ്റിറ്റിയുടെ ഫൗളില്‍ നിലത്തുവീണ് പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്ത റൊണാള്‍ഡോയ്ക്ക് അത് നിഷേധിക്കപ്പെട്ടതോടെ നിയന്ത്രണം വിട്ടു. തന്റെ അമര്‍ഷം റഫറി റിക്കോര്‍ഡോ ഡി ബര്‍ഗോസിനോടാണ് ക്രിസ്റ്റ്യാനോ തീര്‍ത്തത്. റഫറിയെ പിടിച്ചുതള്ളിയതിന് കാര്‍ഡ് വാങ്ങിവയ്ക്കുകയും ചെയ്തു. രണ്ടാം മഞ്ഞയായതോടെ ക്രിസ്റ്റ്യാനോയ്ക്ക് പുറത്തേയ്ക്കുള്ള വഴി തെളിഞ്ഞു.

ക്രിസ്റ്റ്യാനോ പോയി റയല്‍ പത്തു പേരായി ചുരുങ്ങിയശേഷമായിരുന്നു മാര്‍ക്കോ അസെന്‍സിയോയുടെ  വിജയഗോള്‍. ഇരുപത്തിയഞ്ച് വാര അകലെ നിന്ന് ഓടിവന്നെടുത്ത പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ റയല്‍  ഉജ്വല ജയം ഉറപ്പിച്ചു . എതിരാളിയുടെ തട്ടകത്തില്‍ നേടിയ 3-1 എന്ന സ്കോറിലെ ജയം ബുധനാഴ്ച നടക്കുന്ന രണ്ടാപാദത്തില്‍ റയലിന് വ്യക്തമായ മേല്‍ക്കൈ നല്‍കുന്നുണ്ട്. ഹോം മത്സരത്തില്‍ ഒരു സമനില മതി റയലിന് കപ്പ് സ്വന്തമാക്കാന്‍.