കുഞ്ഞുങ്ങളുടെ മരണം 74ആയി; മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 74 ആയി. അതേസമയം, സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. നാലാഴ്ച്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.
സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെ യു.പി ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥനാഥ് സിങ്ങിനു നേരെ അലഹബാദില്‍വെച്ച് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തര്‍ കരിങ്കൊടി കാണിച്ചു. അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
ഇന്നലെ വരെ 70ആയിരുന്നു മരണസംഖ്യ. ഇന്ന് രാവിലെ നാല് കുട്ടികള്‍ കൂടി മരിക്കുകയായിരുന്നു. മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടികളെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും രക്ഷപ്പെടുത്താനായില്ല. അതേസമയം, യു.പിയില്‍ ശ്രീകൃഷ്ണ ജയന്തി അതിവിപുലമായി ആഘോഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. സംസ്ഥാനത്തുണ്ടായ അതിദാരുണമായ സംഭവത്തില്‍ ഒട്ടും നീതിയില്ലാത്ത കാര്യമാണ് യോഗിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് ഇതിനോടകം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. യോഗി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ഇതിനോടകം ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.