വനിതാ കമ്മീഷനും, സിനിമയിലെ വനിതകളുടെ സംഘടനയും പി.സി. ജോര്‍ജ്ജും തമ്മിലെന്താണ്?

വനിതാ കമ്മീഷനും, സിനിമയിലെ വനിതകളുടെ സംഘടനയും പി.സി. ജോര്‍ജ്ജും തമ്മില്‍ പോര് മുറുകുന്നു. വനിത കമ്മീഷന്‍ അധ്യക്ഷ നല്‍കിയ മറുപടിയ്ക്കു ചുട്ട മറുപടിയുമായി പി.സി. ജോര്‍ജ്ജും മറുപടി നല്‍കിയിരുന്നു.

വല്ല്യ വല്ല്യ സിനിമാ നടിമാര്‍ക്കും,ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍ക്കും മാത്രമല്ല… പാവപ്പെട്ട സ്ത്രീകള്‍ക്കും ഇപ്പറഞ്ഞ മാനവും, അഭിമാനവും ഉണ്ടെന്നും, ചാനല്‍ ചര്‍ച്ചകളില്‍ ഇളകിയാട്ടം നടത്തുന്ന ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍ പാവപ്പെട്ട പെണ്ണുങ്ങള്‍ക്കുണ്ടാകുന്ന അഭിമാനക്ഷദങ്ങളും അപമാനവുമൊക്കെ ശ്രദ്ധിക്കണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പി.സി. ജോര്‍ജ്ജ് വിമര്‍ശിച്ചിരുന്നു.

അതിനിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങള്‍ നടത്തി എന്നാരോപിച്ച് പി.സി. ജോര്‍ജ് എംഎല്‍എയ്ക്ക് എതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ കേസെടുത്തു. നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിലാണു സ്വമേധയാ കേസെടുക്കാന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അന്വേഷണോദ്യോഗസ്ഥനായ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. മൊഴി രേഖപ്പെടുത്തുന്നതിനുള്ള അനുമതി തേടി വിശദമായ കത്ത് ഈ ആഴ്ച തന്നെ സ്പീക്കര്‍ക്കു നല്‍കും.

സംഭവത്തില്‍ കമ്മീഷന് എതിരെ ആക്ഷേപം ഉന്നയിച്ചു പി.സി. ജോര്‍ജ്ജ് വീണ്ടും രംഗത്ത്. കാഡ്ബറീസ് മില്‍ക്ക് ചോക്ളേറ്റിന്റെ നീലകവര്‍ വലിച്ചുകീറി നുണഞ്ഞുകൊണ്ട് ചെയര്‍പേഴ്സണ്‍ മൊഴിഞ്ഞു”ഒരുത്തനിട്ടൊരു പണി കൊടുത്ത് ഒരു മൈലേജിനു നോക്കീന്ന് വച്ച് ആണുങ്ങക്കൊക്കെ നമ്മളെയങ്ങ് പേടിയായീന്ന് കരുതണ്ട. അതോണ്ട്, ഇത്തിരീം കൂടെ പബ്‌ളിസിറ്റി കിട്ടുന്നോമ്മാര്‍ക്കിട്ടു പണിതാലേ ഇനി സ്ത്രീവാദോംന്നും പറഞ്ഞ് പിടിച്ചു നിക്കാന്‍ പറ്റൂ എന്ന രീതിയില്‍ ആക്ഷേപഹാസ്യം ഉപയോഗിച്ചാണ് എം.എല്‍. എ മറുപടി നല്‍കിയിരിക്കുന്നത്.

പി.സി. ജോര്‍ജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ചെയര്‍പേഴ്സണും, കുഞ്ചെറിയാക്കോസും പിന്നെ മൊഴിയനുവാദവും
മുന്‍കാല തെറ്റുകള്‍ തിരുത്തുന്നതിനായുള്ള കാര്യാലോചനായോഗം തുടങ്ങി.കാഡ്ബറീസ് മില്‍ക്ക് ചോക്ളേറ്റിന്റെ നീലകവര്‍ വലിച്ചുകീറി നുണഞ്ഞുകൊണ്ട് ചെയര്‍പേഴ്സണ്‍ മൊഴിഞ്ഞു”ഒരുത്തനിട്ടൊരു പണി കൊടുത്ത് ഒരു മൈലേജിനു നോക്കീന്ന് വച്ച് ആണുങ്ങക്കൊക്കെ നമ്മളെയങ്ങ് പേടിയായീന്ന് കരുതണ്ട. അതോണ്ട്, ഇത്തിരീം കൂടെ പബ്‌ളിസിറ്റി കിട്ടുന്നോമ്മാര്‍ക്കിട്ടു പണിതാലേ ഇനി സ്ത്രീവാദോംന്നും പറഞ്ഞ് പിടിച്ചു നിക്കാന്‍ പറ്റൂ..സോ തിങ്ക് എബൗട്ട് ഇറ്റ്”
മൈലേജുള്ള പണി കൊടുക്കാനായി ചേര്‍ന്ന യോഗത്തിലെ ചര്‍ച്ചയുടെ ചടുലത കൊണ്ട് ആസ്ഥാന മന്ദിരം കിടുങ്ങിക്കൊണ്ടിരുന്നു.നമ്മളെക്കാള്‍ വലിയ ആളുകള്‍ ഈ ഭൂലോകത്തില്ലെന്ന അന്തസുള്ള വിചാരം ട്രേഡ് മാര്‍ക്ക് ആക്കാനും ഒരു ദിവസം ഒന്ന് എന്ന കണക്കില്‍ സ്വമേധയാ കേസ്സെടുത്ത് എവനിട്ടങ്കിലും പണി കൊടുത്ത് ചരിത്രത്തില്‍ കയറാനുമുള്ള തീരുമാനം മിനിറ്റസില്‍ രേഖപ്പെടുത്തി.പണി കൊടുക്കേണ്ടവരുടെ ലിസ്റ്റ് കുഞ്ചെറിയാക്കോസിനു കൈമാറി.ഉടനെ തന്നെ കുഞ്ചെറിയാക്കോസ് ലിസ്റ്റിലുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള അനുവാദത്തിനായി അവര്‍ താമസിക്കുന്ന സ്ഥലത്തേക്ക് (യമപുരിയിലേക്ക്) കത്ത് സ്പീഡ് പോസ്റ്റില്‍ കൈമാറി.
യമധര്‍മ്മന്റെ സിംഹാസനത്തിന്റെ തൊഴെ നിന്ന് ചിത്രഗുപ്തന്‍ കുഞ്ചെറിയാക്കോസ് മൊഴിയെടുക്കാനായി അനുവാദം ചോദിച്ചവരുടെ ലിസ്റ്റ് വായിക്കാന്‍ തുടങ്ങി.
പ്രതി നമ്പര്‍ വണ്‍: പേര്- കാളിദാസന്‍
ചെയ്ത കുറ്റം- പാര്‍വതി എന്ന കൊച്ചിന്റെ നെറ്റിയില്‍ വീണ ഒരുതുള്ളി വെള്ളം അവിടെനിന്നും മൂക്കിലൂടെ താഴേക്ക് ശരീരത്തിലൂടെ ഒലിച്ചിറങ്ങിയത് വര്‍ണ്ണിച്ച് സ്ത്രീകളുടെ മാനം മൊത്തം കപ്പലുകേറ്റി.
പ്രതി നമ്പര്‍ ടൂ: പേര്- കുമാരനാശാന്‍.
ചെയ്ത കുറ്റം- വാസവദത്ത എന്നൊരു കൊച്ചിനെ വര്‍ണ്ണിച്ചു വച്ചതില്‍ കമ്മീഷന്‍ കാണുന്ന സ്വമേധയാ കേസെടുക്കുന്നതിനുള്ള വകുപ്പ്.
പ്രതി നമ്പര്‍ ത്രീ: പേര്- വള്ളത്തോള്‍.
ചെയ്ത കുറ്റം- മദ്ഗലന മറിയം എന്ന കൊച്ചിന്റെ ശരീര ഘടന വര്‍ണ്ണിച്ചത് ഇപ്പോഴത്തെ കൊച്ചമ്മമാര്‍ക്ക് നേരെ കരുതിക്കൂട്ടി നടത്തിയ ആക്രമണമാണെന്ന വിലയിരുത്തല്‍.
പ്രതി നമ്പര്‍ ഫോര്‍: പേര്- ഇരയിമ്മന്‍ തമ്പി
ചെയ്ത കുറ്റം- കഥകളി എന്ന കളിയില്‍ സ്ത്രീകളുടെ ശരിരഘടന ആഭാസകരമായി വര്‍ണ്ണിച്ച് ഫെമിനിസ്റ്റ്കള്‍ക്കാകെ നാണക്കേടുണ്ടാക്കി.
പ്രതി നമ്പര്‍ ഫൈവ്: പേര്- ഒ.ചന്തുമേനോന്‍
ചെയ്ത കുറ്റം- ഇന്ദുലേഖ എന്നൊരു പെണ്ണിനെ ”നവയൗവ്വനവും വന്ന് നാള്‍ തോറും വളര്‍ന്നു” എന്ന് പറഞ്ഞ് അവളുടെ സ്ത്രീത്വത്തെ പിച്ചിച്ചീന്തിയതായുള്ള സ്ത്രീപക്ഷവാദികളുടെ റിപ്പോര്‍ട്ട്.
മൊഴിയെടുക്കാന്‍ അനുവാദം ചോദിച്ച കുഞ്ചെറിയാക്കോസാണോ കുഞ്ചെറിയാക്കോസിനു നിര്‍ദ്ദേശം നല്‍കിയ ചെയര്‍പേഴ്സണാണോ ഗുളിക കഴിക്കാന്‍ മറന്നതെന്ന ചോദ്യവുമായി കുഞ്ചെറിയാക്കോസ് അയച്ച കത്ത് യമപുരിയില്‍ നിന്നും മടക്കത്തപാലില്‍ തന്നെ കമ്മീഷന്‍ ഓഫീസില്‍ തിരികെയെത്തി.
ചര്‍ച്ചക്ക് പോകാനായി മേക്കപ്പിടുകയും എഴുതിക്കൊടുത്തത് കാണാപ്പാഠം പഠിക്കുകയും ചെയ്യുന്ന നവീന സിംഹിണികളെ ,യമപുരിയില്‍ നിന്നുമെത്തിയ കത്തും കൈയ്യില്‍ പിടിച്ച് കുഞ്ചെറിയാക്കോസ് നിസ്സഹായതയോടെ നോക്കി.
കുറിപ്പ്:
Women in Cinema Collective എന്ന മലയാള സിനിമയിലെ സ്ത്രീസംഘടനയുടെ ഒഫീഷ്യല്‍ പേജില്‍ ആ സംഘടനയുടെ തലവാചകത്തോടുകൂടി എന്നെ പേരെടുത്തു പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രിക്കു നല്‍കിയ കത്ത് പ്രസിദ്ധീകരിച്ചത് കണ്ടു.തലവാചകങ്ങള്‍ക്കും കത്തിനുമുള്ള മറുപടിയും ഒട്ടും വൈകാതെ നല്‍കുന്നതാണ്
പി.സി. ജോര്‍ജ്ജ്