ചരിത്രത്തിലേക്ക് പന്തുരുളാന്‍ ഇനി 50 നാള്‍
കൊച്ചി : ചരിത്രം കുറിക്കുന്ന കിക്കോഫിന് ഇനി കൃത്യം 50 ദിവസം. ഇന്ത്യ ഇതാദ്യമായി ആതിഥ്യം വഹിക്കുന്ന ഫിഫാ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്നേക്ക് 50-ാം നാള്‍ പന്തുരുളും. ആറു ഗ്രൂപ്പുകളിലായി 24 ടീമുകളാണ് 2017 ലെ ഫിഫാ അണ്ടര്‍ 17 ലോകകിരീടത്തിനായി പന്തുതട്ടുന്നത്. ന്യൂഡല്‍ഹി, മുംബൈ, ഗോവ, കൊച്ചി , കൊല്‍ക്കത്ത , ഗുവാഹാട്ടി എന്നിവിടങ്ങളാണ് ലോകഫുട്ബോള്‍ ചരിത്രത്തിലേക്കു ചേക്കേറാന്‍ ഒരുങ്ങുന്ന മത്സരവേദികള്‍.
ഒക്ടോബര്‍ 6ന് വൈകിട്ട് 5 മണിക്ക് ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കൊളംബിയ-ഘാന ഗ്രൂപ്പ് എ മത്സരത്തിനും നവിമുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് ബി യിലെ ന്യൂസിലന്റ്,ടര്‍ക്കി മത്സരത്തിനുമാണ് ചരിത്ര കിക്കോഫ് വിസില്‍ മുഴങ്ങുക. ആതിഥേയരായ ഇന്ത്യയും ആദ്യദിവസം കളിക്കാനിറങ്ങുന്നുണ്ട്. ഡല്‍ഹിയില്‍ ഒക്ടോബര്‍ 6 ന് രാത്രി 8 മണിക്കുന്ന രണ്ടാം മത്സരമാണ് ഇന്ത്യയുടെത്. യുഎസ്എ യാണ് എതിരാളികള്‍.
ഗ്രൂപ്പ് ഡി മത്സരങ്ങള്‍ക്ക് വേദിയാകുന്ന കൊച്ചിയില്‍ ആദ്യ മത്സരം ഒക്ടോബര്‍ 7 ന് വൈകിട്ട് 5 നാണ്. ഈ ലോകകപ്പിലെ സൂപ്പര്‍ ഗ്ലാമര്‍ പോരാട്ടവും അതുതന്നെ. ബ്രസീല്‍-സ്പെയിന്‍ മത്സരം. ഉത്തരകൊറിയ , നൈജര്‍ ടീമുകളും ഗ്രൂപ്പ് ഡി യില്‍ കളിക്കുന്നുണ്ട്. ഗോവയില്‍ ഗ്രൂപ്പ് സി മത്സരങ്ങള്‍ കളിക്കുന്ന ജര്‍മനിയുടെ അവസാന ഗ്രൂപ്പ് മാച്ചും കൊച്ചിയിലാണ്.
അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. ലോകകപ്പ് 50 ദിവസം അരികില്‍ എത്തിയതോടെ ഇനി ടിക്കറ്റ് വില്‍പ്പനയുടെ കാര്യത്തില്‍ വന്‍പുരോഗതി പ്രതീക്ഷിക്കുന്നുവെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പറഞ്ഞു. ഇതാദ്യമായി ഫിഫാ ലോകകപ്പില്‍ കളിക്കുന്ന ടീം ഇന്ത്യയ്ക്ക് മുഴുവന്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികളും പിന്തുണ നല്‍കണമെന്ന് ലോകകപ്പ് പ്രൊജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യയും അഭ്യര്‍ഥിച്ചു