ജീന്‍ പോളിനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കഴിയില്ല, അന്വഷണവുമായി മുന്നോട്ടു പോകുമെന്ന് പോലീസ്
കൊച്ചി: നടിയോട് മോശമായി പെരുമാറിയ സംവിധായകന് ജീന്‍ പോള്‍ ലാലിനെതിരായുള്ള കേസില്‍ ഒത്തുതീര്‍പ്പ് പറ്റില്ലെന്ന് പോലീസ്. ബോഡി ഡബ്ലിങ്ങും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റമാണ്. അതുക്കൊണ്ട് ഈ രണ്ടു കുറ്റകൃത്യങ്ങളും ഒത്തുതീര്പ്പാക്കാനാവില്ലെന്നും, അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും പോലീസ് എറണാകുളം സെഷന്‍സ് കോടതിയെ അറിയിക്കും. എന്നാല്‍ ജീന്‍ പോളിനെതിരെ നടി നല്കിയ പരാതിയിലുള്ള സാമ്ബത്തിക ആരോപണങ്ങളില്‍ ഒത്തുതീര്‍പ്പാകാമെന്നാണ് പോലീസ് നിലപാട്.
ജീന്‍ പോള്‍ ലാലിനും മറ്റ് മൂന്ന് പ്രതികള്‍ക്കുമെതിരെ നല്കിയ പരാതി താന്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടി കോടതിയെ അറിയിച്ചിരുന്നു. പ്രതികളുമായി നടത്തിയ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ചെന്നും, കേസുമായി മുന്നോട്ട് പോകാന്‍ തനിക്ക് താത്പര്യമില്ലെന്നും കാണിച്ച് അഭിഭാഷകര്‍ മുഖേനെയാണ് നടി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണി ബി 2വില്‍ അഭിനയിച്ച നടിയാണ് സംവിധായകനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ പനങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നുമായിരുന്നു നടി പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞത്. ജീന്‍ പോള്‍ ലാലിന് പുറമെ നടന് ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അരവിന്ദ് എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികള്‍. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച പോലീസ് ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
അഭിനയം മോശമായതിനാലാണ് അവരെ ഒഴിവാക്കി മറ്റൊരു നടിയെ അഭിനയിപ്പിച്ചതെന്നും, നടിക്ക് പ്രതിഫലം നല്‍കാതിരുന്നത് അവര്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ മടങ്ങിയത് കൊണ്ടായിരുന്നുവെന്നും ജീന്‍ പോളിന്റെ അച്ഛനും നടനുമായ ലാല്‍ വിശദീകരിച്ചിരുന്നു.
അതേ സമയം കേസ് ഒത്തു തീര്‍പ്പാക്കാനാവില്ലെന്ന തങ്ങളുടെ നിലപാട് പോലീസ് അഭിഭാഷകരേയും അറിയിച്ചിട്ടുണ്ട്.