മാഡത്തെക്കുറിച്ചുള്ള സുനിയുടെ വെളിപ്പെടുത്തൽ നീക്കം പോലീസ് പൊളിച്ചു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നു സംശയിക്കുന്ന മാഡത്തെക്കുറിച്ചുള്ള പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ നീക്കം പോലീസ് പൊളിച്ചു. കൊച്ചി സി. ജെ. എം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ‘മാഡം’ ആരെന്ന കാര്യം അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്നായിരുന്നു സുനി പറഞ്ഞത്. എന്നാല്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം മുപ്പതുവരെ നീട്ടിയതോടെ അങ്കമാലി കോടതിയില്‍ ഹാജരാക്കാതെ അന്വേഷണ സംഘം സുനിയുടെ നീക്കം പൊളിക്കുകയായിരുന്നു.
സംഭവത്തില്‍ പങ്കുള്ള മാഡം ആരെന്ന് സുനിയുടെ വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പെടാതിരിക്കാന്‍ വന്‍ സുരക്ഷാ സംവിധാനങ്ങളോടെയാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്.
പ്രതി യാതൊരു കാരണ വശാലും യാതൊരു തരത്തിലുള്ള വെളിപ്പെടുത്തലുകളും നടത്തരുതെന്ന ഗൂഢ തന്ത്രങ്ങള്‍ സര്‍ക്കാരിന്റെയും, ഇന്‍വസ്റ്റിഗേഷന്‍ ഓഫീസറുടെയും ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്ന് സുനിയുടെ അഭിഭാഷകന്‍ ബി. എ. ആളൂര്‍ ആരോപിച്ചു. ഇത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ആദ്യമായാണ് സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാതിരിക്കുന്നതെന്നും,കേസില്‍ ഉള്‍പ്പെട്ട ചില നടിമാരെക്കുറിച്ച് സുനി തന്നോട് പറഞ്ഞിട്ടുണ്ടെന്നും, എന്നാല്‍ അഭിഭാഷക ധര്‍മമനുസരിച്ച് അവരുടെ പേരുകള്‍ താനായിട്ട് പറയില്ലെന്നും ആളൂര്‍ പറഞ്ഞു. സുനിയെ കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.