വിയന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലയാളികള്‍ നേതൃത്വം നല്കിയ റൈസിംഗ് സ്റ്റാഴ്സ് ജേതാക്കള്‍
വിയന്ന: സ്വാതന്ത്ര്യദിനാചരണത്തോട് അനുബന്ധിച്ചു വോയ്സ് വിയന്ന സംഘടിപ്പിച്ച രണ്ടാമത് ക്രിക്കറ്റ് ടുര്‍ണമെന്റില്‍ മലയാളി യുവാക്കള്‍ അണിനിരന്ന റൈസിംഗ് സ്റ്റാഴ്സ് ജേതാക്കളായി. കഴിഞ്ഞ വര്‍ഷത്തെ വിജയികളായ സി.എം.പി.സി.സിയെ തറപറ്റിച്ചാണ് റൈസിംഗ് സ്റ്റാഴ്സ് കപ്പില്‍ മുത്തമിട്ടത്.
ആറ് ടീമുകള്‍ പങ്കെടുത്ത മത്സരം ഏറെ ശ്രദ്ധേയമായിരുന്നു. ഫോറുകളും സിക്സറുകളും പാറിനടന്ന മത്സരം വിയന്നയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ ആവേശം പകര്‍ന്നു. ദിവസം മുഴുവന്‍ നീണ്ടുനിന്ന കളിയുടെ മധ്യത്തില്‍ മാതൃരാജ്യത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിയ സ്വാതന്ത്ര്യദിനാഘോഷവും ഹൃദ്യമായി. സംഘടനയുടെ പ്രസിഡന്റ് മേഴ്സി കാക്കാട്ടും, സെക്രട്ടറി സുനില്‍ കോരയും സംയുക്തമായി ഭാരതത്തിന്റെ പതാക ഉയര്‍ത്തി. കളിക്കാരും കാണികളും ഉള്‍പ്പെടുന്ന സംഘം തുടര്‍ന്ന് ദേശീയഗാനം ആലപിച്ചു.
വൈകിട്ട് നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മുന്‍വര്‍ഷത്തെ ചാമ്പ്യന്മാരായ സി.എം.പി.സി.സി തമിള്‍ ടീമും, മലയാളി യുവാക്കള്‍ നയിച്ച വിയന്ന റൈസിംഗ് സ്റ്റാഴ്സും തമ്മില്‍ ഏറ്റുമുട്ടി. ആര് വിജയിക്കും എന്ന് പ്രവചിക്കാന്‍ കഴിയാത്ത മത്സരത്തില്‍ ഒടുവില്‍ മലയാളികളുടെ ടീം ആധിപത്യം സ്ഥാപിച്ചു വിജകീരിടം ചൂടി.
മത്സരാനന്തരം നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡര്‍ രേണു പാല് മുഖ്യാതിഥിയായിരുന്നു. കളിക്കാരെയും സംഘാടകരെയും അഭിനന്ദിച്ച സ്ഥാനപതി വനിതകള്‍ക്കും കൂടി ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നു ആഹ്വാനം ചെയ്തു. ഓസ്ട്രിയന്‍ അനാദി ബാങ്കിനെ പ്രതിനിധീകരിച്ചു ജെന്നിഫര്‍ ഷേണായും സന്നിഹിതയായിരിന്നു. സിമി കൈലാത് അവതാരകനായ സമ്മേളനത്തില്‍ സംഘടനയുടെ പ്രസിഡന്റ് അധ്യക്ഷയും, സെക്രട്ടറി നന്ദി പറയുകയും ചെയ്തു. ടൂര്‍ണമെന്റ് വന്‍വിജയമാക്കിത്തീര്‍ത്ത എല്ലാവര്ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.