അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് സര്‍ക്കാര്‍, സമവായത്തിന് പ്രതി പക്ഷവും
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഒരുതുള്ളി വെള്ളംപോലും പാഴാക്കാതെ എല്ലാവരുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും, വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാത്ത രീതിയിലാണു പദ്ധതി തയാറാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതോടെ നീണ്ട ഇടവേളയ്ക്കു ശേഷം അതിരപ്പിള്ളി പദ്ധതി വീണ്ടും സജീവമാവുകയാണ്.
ആദ്യ ഘട്ടത്തില്‍ പദ്ധതിയെ എതിര്‍ത്തിരുന്ന പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഇപ്പോള്‍ അനുകൂല നിലപാടാണ് ഉണ്ടായിരിക്കുന്നത്. സമവായത്തിലൂടെ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയില്‍ നിലപാടെടുത്തു. ഉമ്മന്‍ചാണ്ടിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പ്രതികരിച്ചു.
എന്നാല്‍ അതിരപ്പള്ളി പദ്ധതിയില്‍ സി. പി. ഐക്ക് എല്ലാ കാലത്തും ഒരേ സമീപനമാണെന്ന് സി. പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. പദ്ധതി നിര്‍മാണം തുടങ്ങാന്‍ പോകുന്നു എന്ന് 1980 മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. ഒന്നും സംഭവിച്ചിട്ടില്ല. ഇനി സംഭവിക്കാനും പോകുന്നില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പദ്ധതിയെച്ചൊല്ലി വിവാദങ്ങള്‍ അരങ്ങേറുമ്പോഴും നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കി, പദ്ധതി നടത്തിപ്പിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് വൈദ്യുതി ബോര്‍ഡ്.
നിശ്ചിത സമയ പരിധിക്കുള്ളില്‍ പദ്ധതിയുടെ നിര്‍മാണം തുടങ്ങിയതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ വൈദ്യുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജലവൈദ്യുതി ഉല്‍പാദനം ആകെ ഉപയോഗത്തിന്റെ 15% ആയി കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ജലവൈദ്യുതി പദ്ധതികള്‍ ആവശ്യമാണെന്ന നിലപാടിലാണു ബോര്‍ഡ്. 163 മെഗാവാട്ട് ആണ് അതിരപ്പിള്ളിയില്‍ ഉല്‍പാദിപ്പിക്കുക.