ബാഗ്ലൂര്‍ നഗരത്തെ പ്രതിസന്ധിയിലാക്കി വിഷപ്പത
ബെംഗളൂരു: 127 വര്ഷങ്ങള്ക്കു ശേഷം പെയ്ത റെക്കോര്‍ഡ് മഴയ്ക്കു പിന്നാലെ റോഡില്‍ നിറഞ്ഞു നില്‍ക്കുന്ന വിഷപ്പത ബെംഗളൂരു നഗരത്തെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കനത്ത മഴയ്ക്ക് പിന്നാലെ വര്‍ത്തൂര്‍ നദിയില്‍ വെള്ളം നിറഞ്ഞതിനെത്തുടര്‍ന്ന് പുറത്തുവന്ന വിഷപ്പത റോഡിലേക്ക് പരന്നത് ബുധനാഴ്ച രാത്രി വലിയ ഗതാഗത കുരുക്കാണുണ്ടാക്കിയത്.
വൈറ്റ്ഫീല്‍ഡ് റോഡില്‍ ഏതാണ്ട് പത്തടിയോളം ഉയരത്തിലാണ് വിഷപ്പത റോഡുകളിലെത്തിയത്. വിഷപ്പത കാര്യമാക്കാതെ ബസ്, ലോറി പോലുള്ള വലിയ വാഹനങ്ങള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ കാര്‍, ബൈക്ക്. ഓട്ടോറിക്ഷ പോലുള്ള ചെറിയ വാഹനങ്ങള്‍ ബുദ്ധിമുട്ടിലായി. പതയില്‍ നിന്നും പുറത്ത് വരുന്ന അസഹ്യമായ ദുര്‍ഗന്ധം കാറുകളുടെ ചില്ലുകള്‍ പൊക്കിവച്ചാലും ഉള്ളിലേക്ക് വരുന്നെന്നാണ് യാത്രക്കാര്‍ പറയുന്നത്.
ചെറിയ മഴ ഉണ്ടായാല്‍പ്പോലും നദിയില്‍ നിന്ന് വിഷപ്പത സമീപത്തെ വീടുകളിലേക്ക് പറന്നെത്തുന്നത് പതിവ് കാഴ്ചയാണെന്ന് ഇവിടുത്തെ നാട്ടുകാര്‍ പറയുന്നു.വിഷപ്പത തടയാന്‍ തടാകത്തിനു ചുറ്റും കമ്പിവല കെട്ടിയെങ്കിലും കാര്യമായ പ്രയോജനം ഇതുകൊണ്ടുണ്ടാകുന്നില്ല. കടുത്ത ദുര്‍ഗന്ധം വമിക്കുന്ന വിഷപ്പത ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും പരാതിയുണ്ട്.
എച്ച്എഎല്‍, ഡൊംലൂര്‍, കോറമംഗല, അഗര ഭാഗങ്ങളിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ പുറന്തള്ളുന്ന അവശിഷ്ടമാണ് വര്‍ത്തൂര്‍, ബെലന്തൂര്‍ തടാകങ്ങളിലെ വിഷപ്പതപ്രശ്‌നത്തിനു കാരണമെന്ന് സംസ്ഥാന മലിനീകരണ ബോര്‍ഡ് നേരത്തേ കണ്ടെത്തിയിരുന്നു.