ഇന്ന് ചിങ്ങം ഒന്ന്, ഐശ്വര്യത്തിന്റെയും, സമ്പല്‍ സമൃദ്ധിയുടെയും പൊന്നോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍
ഇന്ന് ചിങ്ങം ഒന്ന്. സമ്പല്‍ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ചെത്തുന്ന പൊന്നോണം പിറക്കുന്ന മാസത്തിലെ ആദ്യ ദിനം. വിളിപ്പാടകലെ പൊന്നോണം വിരുന്നെത്താന്‍ ഒരുങ്ങുമ്പോള്‍ പൊന്നിന്‍ ചിങ്ങത്തെ പ്രതീക്ഷയോടെയാണ് മലയാളി വരവേല്‍ക്കുന്നത്.
ചോര നീരാക്കി വിളവെറിഞ്ഞ പാടത്ത് നിന്ന് കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായപുര നിറച്ചിരുന്ന ചിങ്ങമാസം മലയാളിക്കിന്ന് ഓര്‍മകളില്‍ മാത്രമാവശേഷിക്കുന്നു. തിരിമുറിയാതെ മഴ പെയ്യിക്കാന് മാനത്ത് കാര്‍മേഘത്തെ കൂട്ടുന്ന കര്‍ക്കടകം പോലും കേരളത്തോട് ഇന്ന് കരുണ കാട്ടുന്നില്ല. ചിങ്ങത്തില്ലെങ്കിലും മഴ കനിയണെയെന്ന് കേരളത്തിലെ കര്‍ഷകര്‍ നെഞ്ചുരുക്കാന്‍ തുടങ്ങിയിട്ട് കാലം കടന്നു പോകുംപ്പോഴും, ദുരിതങ്ങള്‍ മലയാളി മറക്കാന്‍ തുടങ്ങുന്ന ദിവസം..ചിങ്ങം ഒന്ന്.
മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്. തുമ്പയും, മുക്കുറ്റിയും തുടങ്ങി, കേരളമൊന്നാകെ പുഷ്പ്പിച്ചു സുഗന്ധം പരത്തി മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. എല്ലാം സങ്കല്‍പം മാത്രമാണിന്ന്. ദുരിതങ്ങള്‍ മാത്രം മലയാളിയില്‍ തിമിര്‍ത്തു പെയ്യുംമ്പോഴും തല്‍ക്കാലത്തേക്കെങ്കിലും ഇതെല്ലാം മറന്ന്, ഇത്തവണയും ഓണം ഉഴാറാക്കാനുള്ള തത്രപ്പാടിലാണ് മലയാളി. ഊഞ്ഞാലിടണം, പൂക്കളമിടണം , സദ്യവട്ടങ്ങള്‍ ഉണ്ടാക്കണം, അങ്ങിനെ…അങ്ങിനെ എത്രയെത്ര കാര്യങ്ങള്‍ ഓണമിങ്ങെത്തിയില്ലേ…
എല്ലാ കേരളീയര്‍ക്കും… മലയാളീ വിഷന്റെ.. പൊന്നിന്‍ ചിങ്ങ പുലരിയാശംസകള്‍