ന്യൂസ് 18; മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ

റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ മുതിര്‍ന്ന നാലു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഒരു മാസത്തേയ്ക്ക് യാതൊരു നിയമനടപടികളും കൈക്കൊളളരുതെന്ന് ഹൈക്കോടതി ഉത്തരവ്. എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചച്ച
ാണ് കോടതിയുടെ നടപടി.

ഈ കേസില്‍ 306ാം വകുപ്പ് എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി പോലീസിനോട് ചോദിച്ചു. യുവതിയുടെ ആത്മഹത്യാ ശ്രമത്തിന് കാരണമായെന്ന് ആരോപിക്കപ്പെടുന്ന നടപടികള്‍ സ്ഥാപനങ്ങളില്‍ സാധാരണ ഉണ്ടാകുന്നതല്ലേ എന്നും കോടതി ചോദിച്ചു.

കേസില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് പോലീസിന് കോടതി നോട്ടീസ് നല്‍കി. എഡിറ്റര്‍ രാജീവ് ദേവരാജ്, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി ദിലീപ് കുമാര്‍,
സീനിയര്‍ ന്യൂസ് എഡിറ്റര്‍ ലല്ലു ശശിധരന്‍ പിള്ള, സിഎന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണത്തിനായി തുമ്പ പൊലീസിന് കൈമാറിയിരിക്കുകയാണ്.

ഒരു മാസത്തിനുശേഷം വീണ്ടും ഹര്‍ജി പരിഗണിക്കുമെന്ന് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കായി ഹൈക്കോടതിയില്‍ ഹാജരായത് മുതിര്‍ന്ന അഭിഭാഷകനായ ഉദയഭാനുവാണ്. മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് ന്യൂസ് 18ലെ മുതിര്‍ന്ന നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ആത്മഹത്യാപ്രേരണ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

ജോലി മികവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഏതാനും മാധ്യമ പ്രവര്‍ത്തകരോട് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചാനല്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് വനിതാ മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനിലയിലായ മാധ്യമ പ്രവര്‍ത്തക തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.