മുംബൈയിലെ നീല നിറത്തിലുള്ള നായകള്‍, സംഭവം കൗതുകം തന്നെ പക്ഷെ കാരണം ഞെട്ടിക്കുന്നത്

 ലോവര്‍ പ്രൈമറി ക്ലാസില്‍ പഠിച്ചിരുന്ന ഒരു പാഠത്തിന്റെ പേര് ‘നീല കുറുക്കന്‍’ എന്നായിരുന്നു. കാട്ടില്‍ നിന്നും നാട്ടിലെത്തിയ കുറുക്കന്‍ നീലം കലക്കി വച്ചിരുന്ന പാത്രത്തില്‍ വീണ് നീല നിറത്തിലാവുകയും തുടര്‍ന്ന്, കാട്ടില്‍ തിരികെയെത്തിയ കുറുക്കന്‍, കാട്ടിലെ രാജാവാകാന്‍ ശ്രമം നടത്തിയപ്പോഴുണ്ടായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയ രസകരമായ കഥ.

മുംബയില്‍ നിന്നുള്ള നീല നിറത്തിലുള്ള നായകളെ കണ്ടപ്പോഴാണ് പണ്ട് പഠിച്ച കഥ വീണ്ടും ഓര്‍ത്തത്. നീലം കലക്കി വച്ച ഏതെങ്കിലും പാത്രത്തിനുള്ളില്‍ വീണാണോ മുംബയിലെ നായകളും നീല നിറത്തിലായത് എന്ന സംശയമുണ്ടായിരുന്നു. കൂടുതല്‍ അറിഞ്ഞപ്പോഴാണ് സംഭവത്തിനു പിന്നിലെ കാരണം ഞെട്ടലുണ്ടാക്കിയത്. മുംബൈയിലെ വ്യവസായ മേഖലയായ തലോജയിലെ തെരുവോരങ്ങളില്‍ അലയുന്ന തെരുവു നായ്ക്കളുടെ നിറമാണ് നീല നിറത്തിലാകുന്നത്. ഒരു നായക്കു മാത്രമല്ല ഇത്തരത്തില്‍ നിറം മാറ്റമുണ്ടായത്. അഞ്ചോളം തെരുവുനായകള്‍ക്കാണ് ഇത്തരത്തില്‍ നിറം മാറ്റമുണ്ടായത്.

എന്താകും പ്രദേശത്ത് മാത്രമുള്ള നായകളുടെ നിറംമാറ്റത്തിന്റെ പിന്നിലെന്ന് അന്വേഷിച്ച മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ഒടുവില്‍ ഞെട്ടിക്കുന്ന ആ കാരണം കണ്ടെത്തി. ഇവിടെ പ്രവര്‍ത്തിക്കുന്ന വ്യവസായശാലകള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് സമീപത്തുകൂടി ഒഴുകുന്ന കസാദി നദിയിലേക്കാണ്. ഭക്ഷണത്തിനും മറ്റുമായി  ഈ പരിസരത്തുള്ള തെരുവുനായകള്‍ നിരന്തരമായി നദിയുമായി സമ്പര്‍ക്കം പുലര്‍ത്താറുണ്ട്. ഇതാണ് ഇവയുടെ നിറംമാറ്റത്തിനു പിന്നില്‍.

ഈ മേഖലയില്‍ ഏതാണ്ട് ആയിരത്തോളം ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇതില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറികളും കളര്‍ നിര്‍മ്മാണ യൂണിറ്റുകളും ഭക്ഷ്യോത്പാദന യൂണിറ്റുകളുമുണ്ട്. ഇവിടെ നിന്നും നേരിട്ടു പുറന്തള്ളുന്ന രാസവസ്തുക്കളും നിറങ്ങളുമുള്‍പ്പെടുന്ന മാലിന്യമാണ് നദി മലിനമാകാന്‍ കാരണം. വ്യവസായശാലകള്‍ നദിയിലേക്കൊഴുക്കുന്ന മാലിന്യങ്ങള്‍ മൃഗങ്ങളില്‍ സൃഷ്ടിക്കുന്ന ഗരുതരമായ പ്രശ്‌നങ്ങളെക്കുറിച്ച് മുംബൈയിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

തലോജാ വ്യാവസായിക മേഖലയില്‍ നിന്നുള്ള മലിനീകരണം മനുഷ്യരെ മാത്രമല്ല ബാധിക്കുന്നത്. പ്രദേശത്തുള്ള മൃഗങ്ങളെയും പക്ഷികളെയുമെല്ലാം ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ളതാണ് ഇവിടുത്തെ വ്യവസായ ശാലകളുടെ പ്രവര്‍ത്തനം. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്.