എന്‍.സി.പി-യില്‍ ഭിന്നത, നേതൃ യോഗം മാറ്റി
കോട്ടയം: തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ എന്‍.സി. പി.യി-ല്‍ ഭിന്നത രൂക്ഷമാകുന്നു. വിവാദങ്ങളില്‍പ്പെട്ട ട്രാന്‍സ്‌പ്പോര്‍ട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഒരു വിഭാഗം ശക്തമായി നിലപാട് സ്വീകരിച്ചതോടെ ഈ മാസം ഇരുപതിന് ചേരാനിരുന്ന നേതൃയോഗം മാറ്റിവച്ചു.
അതിനിടെ കൂടുതല്‍ വെളിപ്പെടുത്തലുമായി ഉഴവൂരിന്റെ വിശ്വസ്ഥന്‍ സതീഷ് കല്ലുകുളം രംഗത്തെത്തിയത് തോമസ് ചാണ്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
തോമസ് ചാണ്ടിയും മാണി സി കാപ്പനും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഉഴവൂരിനെ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി എത്തിയ സതീഷ് കല്ലുകുളം, ഉഴവൂരിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയതായും വിവരമുണ്ട്. നേരത്തെ കേസിലെ പരാതിക്കാരില്‍ ഒരാളായ എന്‍. സി. പി. ജില്ലാ കമ്മിറ്റി അംഗം റാണി സാംജിയുടെ മൊഴിയും അന്വേഷണസംഘം എടുത്തിരുന്നു.
ഉഴവൂര്‍ വിജയന്റെ മരണ ശേഷം എന്‍. സി. പി. പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ ശക്തമാണ്. ഇതിനിടെ മുന്‍ ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം തോമസ് ചാണ്ടിക്കെതിര ശക്തമായ നിലപാടുകളുമായി രംഗത്തെത്തിയിട്ടുണ്ട്.