പിസി ജോര്‍ജ്ജിന് സ്പീക്കറുടെ താക്കീത്; നടി ആക്രമിക്കപ്പെട്ട കേസിലെ പരാമര്‍ശങ്ങള്‍ മനുഷ്യത്വവിരുദ്ധം
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടര്‍ച്ചയായി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി.ജോര്‍ജ് എം.എല്‍.എയ്ക്ക് സ്പീക്കറുടെ താക്കീത്. നിരുത്തരവാദപരമായ പ്രസ്താവനകള്‍ തുടര്‍ന്നാല്‍ സ്പീക്കര്‍ എന്ന നിലയില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പി.ശ്രീരാമകൃഷ്ണന്‍ മുന്നറിയിപ്പുനല്‍കി. ജോര്‍ജിന്റെ പരിഹാസ പ്രയോഗങ്ങള്‍ അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്നും സ്പീക്കര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്… ഇവിടെ ക്ലിക്ക് ചെയ്യുക
പൊലീസ് അന്വേഷിക്കുന്നതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഏതെങ്കിലും കേസിലെ പ്രതികളെ സംബന്ധിച്ചോ അവര്‍ക്ക് ലഭിക്കേണ്ട ശിക്ഷയെ സംബന്ധിച്ചോ എന്തെങ്കിലും പറയാന്‍ ഞാന്‍ ആളല്ല. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. അതിനിടയില്‍ കയറി അഭിപ്രായം പറയുന്ന ശീലമെനിക്കില്ല. എന്നാല്‍ അര്‍ധരാത്രിയില്‍ ജോലി കഴിഞ്ഞുമടങ്ങവേ നിര്‍മാതാവ് ഏര്‍പ്പെടുത്തിയ കാറിനുള്ളില്‍ വച്ചു രണ്ടരമണിക്കൂറോളം മാനസികവും ശാരീരികവുമായ പീഡനത്തിനിരയായതായി ഒരു നടി പരാതിപ്പെടുകയും ഞെട്ടലോടെ കേരളം അത് കേള്‍ക്കുകയും ചെയ്തതാണ്.
‘അങ്ങനെ ആക്രമിക്കപ്പെട്ടവള്‍ രണ്ടാംദിവസം ഷൂട്ടിങ്ങിനുപോകുമോ’ എന്ന മട്ടിലുള്ള പരിഹാസ പ്രയോഗങ്ങള്‍ ഇതേക്കുറിച്ചു നടത്തുന്നത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്നാണ് എന്റെ നിലപാട്. ശരിയാണെന്നു തോന്നുന്നവര്‍ക്ക് ഐക്യപ്പെടാം. അല്ലാത്തവര്‍ക്ക് വിയോജിക്കാം. ഇത്തരം സംഭവങ്ങളില്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ ന്യായീകരണ വാദവുമായി രംഗത്തുവന്നാല്‍ അതു ക്രിമിനലുകള്‍ക്കു പ്രോല്‍സാഹനമാകും. ആരുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ ഇത്തരം കമന്റുകള്‍ ഉണ്ടാകാന്‍ പാടില്ല എന്ന അഭിപ്രായത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഒരു മനുഷ്യന്‍ എന്നനിലയിലുള്ള എന്റെ ഉറച്ച ബോധ്യമാണിത്. ഈ സംഭവത്തില്‍ ഞാന്‍ വഹിക്കുന്ന സ്ഥാനവുമായി ബന്ധപ്പെട്ട് എന്തു ചെയ്യാന്‍ കഴിയുമെന്നു ചില സുഹൃത്തുക്കള്‍ ചോദിക്കുകയുണ്ടായി. തീര്‍ച്ചയായും സാധ്യമായതെല്ലാം ചെയ്യും.