ചാണ്ടിയും അന്‍വറും സഭയില്‍ പ്രതിരോധം തീര്‍ത്ത് മുഖ്യമന്ത്രി; നിയമലംഘനങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും വിശദീകരണം
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെയും നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെയും നിയമലംഘനങ്ങള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി മുഖ്യമന്ത്രി. രണ്ടു സംഭവങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി ഇരുവരെയും ന്യായീകരിച്ചത്.
തോമസ് ചാണ്ടിയുടെ പേരിലുള്ള കായല്‍ കൈയേറ്റ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും തോമസ് ചാണ്ടിയുടെ കായല്‍ തീര റിസോര്‍ട്ടിന് സമീപം പ്ലാസ്റ്റിക് കെട്ടി തിരിച്ചത് പോള കയറാതിരിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ തോമസ് ചാണ്ടിക്കും പി.വി. അന്‍വറിനുമൊപ്പമാണന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.ടി. ബല്‍റാം എം.എല്‍.എ. ആരോപിച്ചു.
അതേസമയം തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണം രണ്ട് എം.പിമാര്‍ 20 ലക്ഷം രൂപ ചിലവഴിച്ച് നാലുഘട്ടങ്ങളിലായി പൂര്‍ത്തിയാക്കിയതാണ്.
ഒമ്പത് കുടുംബങ്ങളുള്ള കോളനിക്ക് വേണ്ടിക്കൂടിയാണ് റോഡ് നിര്‍മ്മിച്ചത്. തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. 2007 ല്‍ തന്നെ പോളയും മാലിന്യങ്ങളും കയറാതിരിക്കാന്‍ ഇത്തരം നിര്‍മാണങ്ങള്‍ നടത്തിയിരുന്നു. ഇതല്ലാതെ സ്ഥിരമായ നിര്‍മ്മാണങ്ങള്‍ അവിടെ ഉണ്ടായാല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.വി.അന്‍വറിന്റെ പാര്‍ക്ക് എല്ലാ അനുമതികളോടും കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടനിര്‍മാണ ചട്ടമടക്കമുള്ള എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ ലൈസന്‍സുകളും നേടിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ വാദങ്ങളെയെല്ലാം പിന്നീട് സംസാരിച്ച വി.ടി. ബല്‍റാം ഖണ്ഡിച്ചു. തോമസ് ചാണ്ടിയോട് മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര കടപ്പാടെന്ന് ബല്‍റാം ചോദിച്ചു. ഒരുമന്ത്രിയും എം.എല്‍.എയും നടത്തിയ അധികാര ദുര്‍വിനിയോഗം സംബന്ധിച്ച വിശദമായ അന്വേഷണം വേണം. മന്ത്രി അധികാരത്തിലിരിക്കുമ്പോള്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുന്നു.
തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ 34 ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍ നിന്ന് കാണാതായിരിക്കുന്നു. ഉദ്യോഗസ്ഥരെ മന്ത്രിയുടെ അനുജന്‍ ഫോണില്‍ വിളിച്ച ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ വിവരങ്ങളും പുറത്തുവന്നിരുന്നു. കൈയേറ്റം റവന്യു വകുപ്പിന്റെ ഒത്താശയോടെയാണെന്നും വിടി ബെല്‍റാം പറയുന്നു.