മാഡത്തെ വെളിപ്പെടുത്തിയില്ല; കാക്കനാട്ട് ജയിലില്‍ സുരക്ഷയില്ലെന്ന് സുനി

മാഡം ആരെന്ന് വെളിപ്പെടുത്താത്തത് കാക്കനാട് ജയിലില്‍ നിന്ന് തന്നെ ഉപദ്രവിക്കുമെന്ന് പേടിയുള്ളതിനാലാണെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

ജയിലില്‍ വെച്ച് തന്നെ ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന സുനിയുടെ പരാതിയിലാണ് ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്. കാക്കനാട് ജയിലില്‍ താന്‍ സുരക്ഷിതനല്ലെന്നും ശാരീരികവും മാനസികവുമായ പീഡനമേല്‍ക്കേണ്ടി വരുന്നെന്നും സുനി കോടതിയില്‍ പറഞ്ഞു.

ഇതേത്തുടര്‍ന്ന് കോടതി സുനിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനു ശേഷം പുറത്തു വന്നപ്പോഴാണ് സുനി ജയില്‍ മാറിയ ശേഷം മാഡമാരെന്ന് വെളിപ്പെടുത്തുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസില്‍ മാഡമുണ്ടെന്നും സുനി ആവര്‍ത്തിച്ചു.

നേരത്തേ, ഈ മാസം പതിനാറിനകം വി.ഐ.പിയാരെന്ന് വെളിപ്പെടുത്തിയില്ലെങ്കില്‍ താന്‍ അക്കാര്യം വെളിപ്പെടുത്തുമെന്ന് സുനി പറഞ്ഞിരുന്നു. ഇന്നലെ സുനിയെ എറണാകുളം സി.ജെ.എം. കോടതിയില്‍ എത്തിച്ചിരുന്നു. അങ്കമാലി കോടതിയില്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് സുനി പറഞ്ഞെങ്കിലും പ്രതിയെ കോടതിയില്‍ ഹാജരാക്കാതെ പോലീസ് റിമാന്‍ഡ് നീട്ടി വാങ്ങുകയായിരുന്നു.