സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം റയലിന്, ബാഴ്‌സയെ തകര്‍ത്തത് എതിരില്ലാത്ത രണ്ട ഗോളുകള്‍ക്ക്

മാഡ്രിഡ്: ബാഴ്‌സലോണയെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്ത് റയല്‍ മാഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി. ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ചു ഗോളുകാള്‍ക്കാണ് റയലിന്റെ വിജയം.

വിലക്ക് നേരിടുന്ന സൂപ്പര്‍ താരം റൊണാള്‍ഡോയില്ലാതെയിറങ്ങിയ റയല്‍ കളിയുടെ ആദ്യപകുതിയില്‍ തന്നെ ബാഴ്‌സയുടെ വിധി  നിര്‍ണയിച്ചു. മൂന്നാം മിനിറ്റല്‍ മാര്‍കോ അസെന്‍സിയോ നേടിയ ഗോളിലൂടെ മുന്നിലെത്തിയ റയല്‍, കളിയിലേക്ക് തിരിച്ചുവരാന്‍ ബാഴ്‌സയെ ഒരിക്കല്‍പോലും അനുവദിച്ചില്ല.

മാഴ്‌സലോയുടെ മനോഹരമായൊരു ക്രോസില്‍നിന്നായിരുന്നു റയലിന്റെ രണ്ടാം ഗോള്‍. വലതു പാര്‍ശ്വത്തിലൂടെ ബോക്‌സിലേക്ക് ഓടിക്കയറിയ മാഴ്‌സലോയുടെ ക്രോസ് ഉംതിതിയുടെ ദുര്‍ബല പ്രതിരോധം മറികടന്നെത്തിയത് റയല്‍ സ്‌ട്രൈക്കര്‍ ബെന്‍സേമയുടെ കാല്‍ക്കല്‍. ഒട്ടും താമസിക്കാതെ ബെന്‍സേമ വലയിലേക്ക് പന്ത് അടിച്ചുകയറ്റി  ബാഴ്‌സയുടെ പരാജയം ഉറപ്പിച്ചു.