ബോള്‍ട്ടിന്റെ കഥ പറയുന്ന അനിമേഷന്‍ മൂവി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു
അത്ലറ്റിക്‌സിലെ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിന്റെ വിരമിക്കലിനെക്കാളും ആരാധകര്‍ ഓര്‍ക്കുന്നത്, ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 4-100 റിലേ മത്സരത്തില്‍ ഓട്ടത്തിനിടയില്‍ വേദനയോടെ ട്രാക്കില്‍ വീഴുന്ന ഉസൈന്‍ ബോള്‍ട്ടിനെയാകും. ലോക ചാമ്പ്യന്‍ഷിപ്പോടെ വിരമിക്കല്‍ പ്രഖ്യാപിച്ച താരത്തിന്റെ ഈ വീഴ്ച ലോക മെമ്പാടുമുള്ള ബോള്‍ട്ടിന്റെ ആരാധകരെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. അവസാന മത്സരം പൂര്‍ത്തിത്തീകരിക്കാനാകാതെയുള്ള ഇതിഹാസ താരത്തിന്റെ മടക്കം നിറഞ്ഞ കണ്ണുകളോടെയാണ് ലോകം കണ്ടത്.
മിന്നല്‍ വേഗത്തില്‍ കുതിച്ചുകൊണ്ട് വേഗ രാജാവിന്റെ കിരീടം ചൂടിയ ഉസൈന്‍ ബോള്‍ട്ടിന്റെ വിരമിക്കലിനു ശേഷം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ബോള്‍ട്ടിന്റെ കഥ പറയുന്ന ഒരു അനിമേഷന്‍ ഫിലിം. 2016-ല്‍ പുറത്തിറങ്ങിയ ‘The Boy Who Learned to Fly RIO 2016 | Usain Bolt’ എന്ന അനിമേഷന്‍ മൂവി ബോള്‍ട്ട് തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്.
ഓട്ട മത്സരത്തിലേക്ക് കടന്നു വരാനുണ്ടായ സാഹചര്യവും, കരിയറിലെ ചില നിര്‍ണായക സംഭവങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ അനിമേഷന്‍ ഫിലിമിന്റെ ദൈര്‍ഖ്യം 7 മിനുട്ടാണ്.