വേള്‍ഡ് മലയാളി ഫെഡറേഷന്റെ സിസിലിയ യുണിറ്റ് ഉത്ഘാടനവും ഓണാഘോഷവും ഓഗസ്റ്റ് 27ന്

മെസ്സിന: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും തണലില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്‌ള്യു.എം.എഫ്) ഇറ്റലിയിലെ സിസിലിയ യുണിറ്റ് ഉത്ഘാടനവും ഓണാഘോഷവും ഓഗസ്റ്റ് 27ന് മെസ്സിനായിലെ പാത്തി സിനിമ കമുണാലെയില്‍ സംഘടിപ്പിക്കും. രാവിലെ 10 മാണി മുതല്‍ ആരംഭിക്കുന്ന സമ്മേളനം ഉച്ച കഴിഞ്ഞു 4 മണിയോടുകൂടി അവസാനിക്കും.

പ്രവാസി മലയാളികളെ ഒരു കുടകീഴില്‍ അണിനിരത്തുക എന്ന മഹത്തായ ലക്ഷ്യം മുന്‍നിറുത്തി ഇതിനോടകം തന്നെ അന്‍പതിലധികം രാജ്യങ്ങളില്‍ ഡബ്‌ള്യു.എം.എഫ് പ്രൊവിന്‍സുകളും, യൂണിറ്റുകളും രൂപീകരിച്ചുകഴിഞ്ഞു. ഇറ്റലി പ്രൊവിന്‍സിലുള്ള സിസിലിയ യൂണിറ്റിന്റെ ഉത്ഘാടനം ഓസ്ട്രിയയില്‍ നിന്നുള്ള സംഘടനയുടെ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ നിര്‍വ്വഹിക്കും. ഓസ്ട്രിയ പ്രോവിന്‌സിന്റെ സെക്രട്ടറി സാബു ചക്കാലയ്ക്കലും സമ്മേനത്തില്‍ പങ്കെടുക്കും. സിസിലിയ യുണിറ്റ് പ്രസിഡന്റ് ശ്രീജ ടോമി അധ്യക്ഷത വഹിക്കും.

ഡബ്‌ള്യു.എം.എഫ് പരിപാടിയോടൊപ്പം ഓണാഘോഷവും സംഘടിപ്പിക്കും. ഫാദര്‍ ആഞ്ചലോ കോസ്താനാസോ ഉള്‍പ്പെടെ സ്ഥലത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ സിസിലിയ മലയാളികള്‍ ഒരുക്കുന്ന ഓണസദ്യയും, പ്രത്യേക ഓണപരിപാടികളും അരങ്ങേറും. ഡബ്‌ള്യു.എം.എഫ് സിസിലിയയില്‍ സംഘടിപ്പിക്കുന്ന ആദ്യ സമ്മേളനത്തിലേയ്ക്കും, കേരളക്കരയുടെ ഉത്സവമായ ഓണഘോഷ കലാപരിപാടികളിലും പങ്കെടുക്കാന്‍ ഏവരെയും സംഘാടകര്‍ ക്ഷണിച്ചു.