അപകടം; രക്തം വാര്‍ന്ന് റോഡില്‍ കിടന്നത് 12 മണിക്കൂര്‍; പോരാഞ്ഞിട്ട് 12 രൂപയും മൊബൈലും കവര്‍ന്നെടുക്കുകയും ചെയ്തു

അപകടത്തില്‍ പെട്ട് കിടക്കുന്നവരുടെ ജീവന്‍ പൊലിയാറായാലും മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്യുന്നവരാണ് നമ്മളില്‍ ഏറെയും. അതും പോരാഞ്ഞിട്ട് അതിവേഗം അത് സോഷ്യല്‍ മീഡിയിയില്‍ പങ്ക് വെയ്ക്കുകയും ചെയ്യും. ഇതിനോട് .കൂട്ടി വായിക്കാനാവില്ലെങ്കിലും കഴിഞ്ഞ ദിവസം നടന്നത് അതി ഭീതിതമായ ഒരു സംഭവമാണ്.

അപകടത്തില്‍ പെട്ട് ചോരയില്‍ കുളിച്ച് ഒരു മനുഷ്യജീവന്‍ റോഡില്‍ കിടന്നത് 12 മണിക്കൂറ്. അയാളെ രക്ഷിച്ചില്ലെന്ന് മാത്രമല്ല, ജീവനുവേണ്ടി പിടയുന്ന അയാളുടെ പോക്കറ്റില്‍ ആകെയുണ്ടായിരുന്ന 12 രൂപയും മെബൈല്‍ ഫോണും മോഷ്ടിക്കാന്‍ മടികാണിച്ചുമില്ല അപകടം കണ്ട് തടിച്ചുകൂടിയവര്‍.

ഇത് നടന്നതാകട്ടെ നമ്മുടെ രാജ്യ തലസ്ഥാനത്തും. കഴിഞ്ഞ ദിവസം മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരതയയ്ക്കാണ് സാക്ഷ്യം വഹിച്ചത്. 35 കാരനായ നരേന്ദ്ര കുമാറിനോടാണ് ഡല്‍ഹി നിവാസികളുടെ ഈ പൊടും ക്രൂരത അരങ്ങേറിയത്. കഴുത്തിനും നട്ടെല്ലിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ നരേന്ദ്രകുമാര്‍ സഫ്ദര്‍ജങ്ങ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ അപകട നില തരണം ചെയ്തതായി പോലീസ് വ്യക്തമാക്കി.

ഉത്തര്‍ പ്രദേശിലെ ബിജ്‌നോറിനടുത്ത് ഡ്രൈവറായി ജോലിചെയ്യുകയാണ് നരേന്ദ്രകുമാര്‍. ജയ്പ്പൂരില്‍ നിന്ന് ചൊവ്വാഴ്ച്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങും വഴി കാശ്മീര്‍ ഗെയ്റ്റ് ടെര്‍മിലന് സമീപത്ത് വച്ചാണ് അപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്ന നരേന്ദ്രകുമാറിനെ എതിരെ അമിതവേഗതയില്‍ വന്ന കാര്‍ ഇടിയ്ക്കുകയായിരുന്നു.

റോഡില്‍ അനങ്ങാന്‍ പോലും കഴിയാതിരുന്ന നരേന്ദ്രകുമാര്‍ പലരോടും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും സഹായില്ല. എന്നുമാത്രമല്ല ഇയാളെ കൊള്ളയടിയ്ക്കുകയും ചെയ്തു. അതും 12 രൂപയ്ക്കും ഒരു മൊബൈല്‍ ഫോണിനും വേണ്ടി.

ചൊവ്വാഴ്ച്ച 5 മണിക്ക് അപകടത്തില്‍ പെട്ട നരേന്ദ്രകുമാര്‍ ആശുപത്രിയില്‍ എത്തുന്നത് ബുധനാഴ്ച്ച പോലീസ് സഹായത്തോടെയാണ്. ഒരു വഴിയാത്രക്കാരന്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് പോലീസ് ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സുഷുത്ര ട്രൗമ അശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും സഫ്ദര്‍ജങ്ങ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അശ്രദ്ധമായി കാറോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. മന:സാക്ഷി മരവിച്ച മനുഷ്യര്‍ക്ക് മറ്റൊരു ഉദാഹരണം കൂടിയാണ് ഡല്‍ഹിയില്‍ കണ്ടത്.