പിസി ജോര്‍ജ്ജിന്റെ പ്രസ്താവനകളില്‍ ദുഖവും അമര്‍ഷവും ഉണ്ട് അക്രമത്തിനിരയായ നടി
തനിക്കെതിരെ നിരന്തരമായി പി.സി.ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ക്കെതിരെ കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി. പി.സി ജോര്‍ജിന്റെ പ്രസ്താവനകളില്‍ ദുഃഖവും അമര്‍ഷവും ഉണ്ടെന്ന് നടി വനിതാ കമ്മീഷനെ അറിയിച്ചു. കഴിഞ്ഞ ദിവസം വനിതാ കമ്മീഷന് അധ്യക്ഷ വീട്ടിലെത്തിയപ്പോഴാണ് നടി മൊഴി നല്‍കിയത്.
തനിക്കെതിരെ തുടര്‍ച്ചയായുള്ള പ്രസ്താവനകള്‍ വേദനിപ്പിക്കുന്നതാണ്. മറ്റൊരു സ്ത്രീക്കും ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടാകരുത്. ഒരു ജനപ്രതിനിധിയില്‍ നിന്ന് ഇങ്ങനെയുള്ള പ്രസ്താവന പ്രതീക്ഷിച്ചിരുന്നില്ലെന്നും നടി മൊഴി നല്കി.
എന്നാല്‍ ഇക്കാര്യങ്ങള്‍ വനിതാ കമ്മീഷന് രേഖപ്പെടുത്തിയിട്ടില്ല. കാരണം തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നത് വനിതാ കമ്മീഷന് സ്വമേധയാ ആണെന്നത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ സാങ്കേതികമായി രേഖപ്പെടുത്താത്തത്.
സംഭവവുമായി ബന്ധപ്പെട്ട കേസുകളുമായി മുന്നോട്ട് പോകുന്ന ചലചിത്ര രംഗത്തെ വനിതാ കൂട്ടായ്മയോടൊപ്പം താനും ഉണ്ടെന്നും. വനിതാ കമ്മീഷനും സര്‍ക്കാരും വനിതാ കൂട്ടായ്മയും എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും ഉറച്ച് നില്‍ക്കുമെന്നും നടി കമ്മീഷന് അധ്യക്ഷയ്ക്ക് ഉറപ്പും നല്കി. പി.സി.ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ നടി നേരത്തെ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടില്‍ തന്നെയാണ് പിസി ജോര്‍ജ്ജ് എംഎല്‍എ. തന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം ഇന്നലെയും ഫേസ്ബുക്ക് വഴി പങ്ക് വെച്ചിരുന്നു. അത് സപീക്കര്‍ക്കെതിരായ അഭിപ്രായമായിരുന്നു താനും.