നാല് വര്‍ഷത്തിനിടയില്‍ ബി.ജെ.പി വാരിക്കൂട്ടിയത് 705.81 കോടി , മറ്റുള്ളവരുടേത് ഇങ്ങനെ

ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വർഷത്തിനിടയില്‍ കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ-യിലെ പ്രധാന കക്ഷിയായ ബി.ജെ.പി-ക്ക് 705.81 കോടി രൂപ സംഭാവന ലഭിച്ചതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് നിരീക്ഷക സംഘടന അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് രാജ്യത്തെ അഞ്ച് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ച സംഭാവനയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

2012-13, 2015-16 സാമ്ബത്തിക വര്‍ഷത്തില്‍ വന്‍കിട വ്യവസായികളില്‍ നിന്ന് 705.81 കോടി രൂപ ബി.ജെ.പി-ക്ക് സംഭാവനയായി ലഭിച്ചു.  2987 ദാതാക്കളില്‍നിന്നാണ് ഇത്രയും തുക ബി. ജെ. പി-ക്ക് ലഭിച്ചത്. രണ്ടാംസ്ഥാനത്തുള്ള കോണ്‍ഗ്രസ്സിന് 198 കോടിയും ലഭിച്ചു.

ആകെ 956.77 കോടി രൂപയാണ് വന്‍കിട സംരഭകര്‍, അഞ്ച് ദേശീയപാര്‍ട്ടികള്‍ക്കായി സംഭാവന നല്‍കിയത്. ബി. ജെ. പി, കോണ്‍ഗ്രസ്, സി. പി. എം, സി. പി. ഐ, എന്‍. സി. പി എന്നീ പാര്‍ട്ടികളെയാണ് എ. ഡി. ആര്‍ പരിഗണിച്ചത്. ഇവയില്‍ ഏറ്റവും കുറച്ച്‌ സംഭാവന ലഭിച്ചത് സി. പി. എമ്മിനും, സി. പി. ഐക്കുമാണ്.

നാലുവര്‍ഷത്തിനിടയില്, 2014-15 കാലയളവിലാണ് ബി.ജെ.പി-ക്ക് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഈ സമയത്ത് നടന്നതാണ് കാരണം. അസോസിയേഷനുകളും യൂണിയനുകളുമാണ് സി. പി. എമ്മിനും സി. പി. ഐക്കും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത്.1933 പേര്‍ സംഭാവനയുടെ ഫോമില്‍ പാന്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇവരില്‍നിന്ന് 384.04 കോടി രൂപ വിവിധ പാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുണ്ട്.