കെ.സി.സി. ഉഴവൂര്‍ ഫൊറോന വിമുക്തഭട സംഗമം പ്രോജ്ജ്വലമായി
രാഷ്ട്രസേവനം ചെയ്ത് വിശ്രമ ജീവിതം നയിക്കുന്ന മുന്‍കാല പട്ടാളക്കാരുടെ ഉഴവൂര്‍ ഫൊറോനാ തല സംഗമം പ്രോജ്ജ്വലമായി. മൂന്നുസേനാ വിഭാഗങ്ങളിലും അര്‍ദ്ധ സൈനീക വിഭാഗങ്ങളിലുമൊക്കെയായി സേവനം ചെയ്ത എഴുപതോളം സൈനീകരാണ് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയങ്കണത്തില്‍ ഒത്തുചേര്‍ന്നത്. രാഷ്ട്രസേവനത്തിനിടയില്‍ രക്തസാക്ഷിത്വം വഹിച്ച മുന്‍കാല ജവാന്‍മാര്‍ക്കും, മരണത്തിലൂടെ വേര്‍പിരിഞ്ഞുപോയ മുഴുവന്‍ ജവാന്‍മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അനുശോചന പ്രമേയം കെ.സി.സി. ഫൊറോന ജോയിന്റ് സെക്രട്ടറി ജോണ്‍ വെച്ചുവെട്ടിക്കല്‍ അവതരിപ്പിച്ചതോടെയാണ് സംഗമം ആരംഭിച്ചത്.
കെ.സി.സി. ഉഴവൂര്‍ ഫൊറോന സെക്രട്ടറി റിട്ട. ഹവില്‍ദാര്‍ അബ്രാഹം വെളിയത്ത് അധ്യക്ഷത വഹിച്ച സംഗമത്തിന്റെ ഉദ്ഘാടനം കെ.സി.സി. അതിരൂപതാ വൈസ് പ്രസിഡന്റും റിട്ട. നാവികാ സേനാഗംവുമായ തൂഫാന്‍ തോമസ് നിര്‍വ്വഹിച്ചു. ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍ സ്വാഗതവും, ഫൊറോന വികാരി റവ.ഫാ. തോമസ് പ്രാലേല്‍ സ്വാതന്ത്ര്യദിന സന്ദേശവും നല്‍കി. സംഗമത്തിന് ആശംസകള്‍ നേര്‍ന്ന് കോട്ടയം അതിരൂപതാ എ.കെ.സി.സി. പ്രതിനിധി ജോസ് തൊട്ടിയില്‍, ഡി.കെ.സി.സി. ജോയിന്റ് സെക്രട്ടറി വിന്‍സെന്റ് വലിയവീട്ടില്‍, റിട്ട.ഹോണററി ക്യാപ്റ്റന്‍ എന്‍.ജെ. മൈക്കിള്‍ നീറ്റുകാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഫൊറോന ട്രഷറാര്‍ സിറിയക്ക് ചൊള്ളമ്പേല്‍ യോഗത്തിന് കൃതജ്ഞത അര്‍പ്പിച്ചു.
സംഗമത്തിലെത്തിച്ചേര്‍ന്ന മുഴുവന്‍ ആളുകളും ചുരുങ്ങിയ വാക്കുകളില്‍ സ്വയം പരിചയപെടുത്തല്‍ നടത്തി. ഫോട്ടോ നല്‍കി രജിസ്റ്റര്‍ചെയ്തിരുന്ന എല്ലാ വിമുക്ത ഭടന്‍മാരേയും മെമന്റോ നല്‍കി ആദരിച്ചു. സമാപനത്തിനുമുന്‍പായി ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തപോള്‍ ആരോ ഒരു യോയോ പോസായാലോ എന്നു ചോദിച്ചതോടെ ന്യൂജനറേഷന്‍ ശൈലിയിലായി ഫോട്ടോ സെക്ഷന്‍. സ്നേഹവിരുന്നോടെ സംഗമം സമാപിച്ചു.