മരണമൊഴിയാതെ ഗോരഖ്പൂര്‍, ഒന്‍പത് കുരുന്നുകള്‍ കൂടി മരിച്ചു

ലക്‌നൗ: ഓക്‌സിജന്‍ കിട്ടാതെ വന്നതിനെ തുടര്‍ന്ന് കുട്ടികള്‍ കൂട്ടത്തോടെ മരിച്ച ഗോരഖ്പൂരില്‍ കുഞ്ഞുങ്ങളുടെ മരണം തുടരുന്നു. ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്ബത് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ആഗസ്റ്റ് 10 ന് ശേഷം 105 കുരുന്നുകളാണ് ഇവിടെ മരിച്ചത്.

വ്യാഴാഴ്ചയും, വെള്ളിയാഴ്ചയുമായി ഒമ്ബത് പേര്‍ മരിച്ചതില്‍ അഞ്ച് മരണങ്ങളും നവജാത ശിശുക്കളുടെ വാര്‍ഡുകളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ട് പേര്‍ ജപ്പാന്‍ ജ്വരം ബാധിച്ചാണ് മരിച്ചത്.

ആശുപത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദര്‍ശനം നടത്താനിരിക്കെയാണ് ഒമ്ബത് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തത്.