ഇന്ത്യ-ശ്രീലങ്ക, ഏക ദിന മത്സരങ്ങള്‍ക്ക് നാളെ തുടക്കം, ധോണിക്ക് നിര്‍ണ്ണായകം
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ ധാംബുള്ളയില്‍ തുടക്കമാവും. മികച്ച പ്രകടനമില്ലെങ്കില്‍ പ്രത്യേക പരിഗണനകളൊന്നും ഇനിയങ്ങോട്ട് പ്രതീക്ഷിക്കേണ്ടെന്ന സെലക്ഷന് കമ്മിറ്റി ചെയര്മാന് എംഎസ്കെ പ്രസാദിന്റെ മുന്നറിയിപ്പുള്ളതു കൊണ്ട് തന്നെ സീനിയര്‍ താരം ധോണിക്ക് ഏറെ നിര്‍ണായകമാകും ഈ പരമ്പര.
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരക്ക് കോലിപ്പട ഇറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രമാവുക മുന്‍ നായകന്റെ പ്രകടനം തന്നെയാവും. അടുത്ത ലോകകപ്പ് വരെ കളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ധോണിക്ക് ചെറിയ ഒരു പരാജയം പോലും വിമര്‍ശനങ്ങള്‍ക്ക് വഴി വെക്കും.
കഴിഞ്ഞ ദിവസം പരിശീലനം നിര്‍ബന്ധം അല്ലാതിരുന്നിട്ടും യുവതാരങ്ങള്‍ക്കൊപ്പം ധോണി നെറ്റ്സിന് എത്തിയതും ശ്രദ്ധേയമാണ്.യുവരാജ് സിംഗിനെ ഒഴിവാക്കിയെങ്കിലും ബാറ്റിംഗ് ക്രമത്തില്‍ സ്ഥാനക്കയറ്റം ധോണിക്ക് ലഭിച്ചേക്കില്ല.
ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായിരുന്ന കെ എല്‍ രാഹുല്‍ ഏകദിനപരമ്പരയില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്നാണ് ക്യാപ്റ്റന്‍ കോലിയും ടീം മാനേജ്മെന്റും നല്കുന്ന സൂചന. മികച്ച ഫോമില്‍ കളിക്കുന്ന ധവാന്- രോഹിത് ശര്‍മ്മ ജോഡിയാകും ഓപ്പണിങ് ഫോര്‍മാറ്റില്‍ ഇറങ്ങുക.