ഇന്ത്യ-ചൈന സൈന്യം മുഖാമുഖം; ദോക്‌ലായില്‍ സേനാ മേധാവിയുടെ സന്ദര്‍ശനം, ലക്ഷ്യം സൈനികര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കല്‍
ഇന്ത്യ ചൈന അതിര്‍ത്തിയായ ദോക്‌ലായിലേക്ക് ഇന്ത്യന്‍ സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നിര്‍ണായക സന്ദര്‍ശനം. സേനാ മേധാവിയുടെ ത്രിദിന ലഡാക്ക് സന്ദര്‍ശനം ഞായറാഴ്ച ആരംഭിക്കും. ലഡാക്കിലെ സുരക്ഷാ നടപടികള്‍ ജനറല്‍ ബിപിന്‍ റാവത്ത് വിലയിരുത്തും.
ചൈനയുമായി ഒന്നര മാസത്തിലേറെയായി തുടരുന്ന തര്‍ക്കം എങ്ങനെ തീര്‍ക്കണമെന്നതാവും ബിപിന്‍ റാവത്തിന്റെ സന്ദര്‍ശനത്തിന്റെ മുഖ്യ അജന്‍ഡ. കൂടുതല്‍ സൈന്യത്തെ ചൈനാ അതിര്‍ത്തിയിലേക്കു നീക്കിത്തുടങ്ങിയ ശേഷമാണ് കരസേനാ മേധാവിയുടെ സന്ദര്‍ശനമെന്നതും നിര്‍ണായകമാണ്.
മുതിര്‍ന്ന കമാന്‍ഡര്‍മാരുമായി റാവത്ത് പ്രത്യേകം ചര്‍ച്ചകള്‍ നടത്തും. അതിര്‍ത്തിയിലെ സന്നാഹങ്ങള്‍ നേരിട്ടു പരിശോധിക്കും. സൈനികര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്തിയശേഷം കുറവുകളുണ്ടെങ്കില്‍ പരിഹരിക്കും. ദോക്‌ലായില്‍ സദാ സജ്ജരായി നിലയുറപ്പിച്ചിട്ടുള്ള സൈനികര്‍ക്ക് മാനസിക പിന്തുണ നല്‍കുക കൂടിയാണ് ബിപിന്‍ റാവത്തിന്റെ മൂന്നുദിവസം നീണ്ട സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം.
ഓഗസ്റ്റ് 15നാണ് ചൈനയുടെ ഭാഗത്തുനിന്നും കടന്നുകയറ്റ ശ്രമം ഉണ്ടായത്. ഇരു രാജ്യങ്ങളിലെയും സൈന്യം ഏതാണ്ട് ഒരു മണിക്കൂറോളം മുഖാമുഖം നിന്നു. മേഖലയിലെ ഫിംഗര്‍ ഫോര്‍, ഫിംഗര്‍ ഫൈവ് എന്നിവിടങ്ങളിലാണു ചൈനീസ് പട്ടാളം കയ്യേറ്റത്തിനു ശ്രമിച്ചത്.