ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളംതെറ്റി അഞ്ചുപേര്‍ മരിച്ചു

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ചുപേര്‍ മരിച്ചു. മുസാഫര്‍ നഗറിലെ ഖതൗലിയിലാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പുരി-ഹരിദ്വാര്‍-കലിന്‍ഗ ഉത്കല്‍ എക്സ്പ്രസിന്റെ ആറു ബോഗികളാണ് പാളം തെറ്റിയത്. അഞ്ചുപേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ദുരന്തനിവാരണ സേന പ്രദേശത്ത് എത്തിയതായും അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ പുരിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പെട്ടത്.

ഉത്തരമേഖലയിലെ തിരക്കേറിയ പാതയിലാണ് അപകടം. ഈ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അതേസമയം അഞ്ചുപേര്‍ മരിച്ചുവെന്നതിന് ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല. പാളം തെറ്റിയ ബോഗികള്‍ ഒന്നുമുകളില്‍ മറ്റൊന്ന് കയറികിടക്കുന്ന അവസ്ഥയിലാണ് ഉള്ളത്. ഒരുവര്‍ഷത്തിനിടെ അഞ്ച് തീവണ്ടി അപകടങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. ഇതില്‍ രണ്ടെണ്ണം അട്ടിമറിയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇതും അട്ടിമറി ആണോ എന്ന സംശയത്തിലാണ് ഭരണകൂടം.