ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍-17 ലോകകപ്പ് ചരിത്രമാകുന്നത് ഇതുകൊണ്ടു കൂടിയാണ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തുന്ന നടക്കുന്ന അണ്ടര്‍-17 ഫുട്‌ബോള്‍ ലോകകപ്പിന് ഇനി വിരലിലെണ്ണാനുള്ള ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളു. ലോകകപ്പിന്റെ ആവേശം രാജ്യത്തെങ്ങും അലയടിക്കുമ്പോള്‍ പുതിയൊരു ചരിത്രത്തിന് കൂടി സാക്ഷിയാവുകയാണ് ഇത്തവണത്തെ ലോകകപ്പ്.

70 പേരടങ്ങുന്ന റഫറിമാരുടെ പാനലിലേക്ക് ഏഴ് വനിത റഫറിമാരെക്കൂടി നിയോഗിച്ചുകൊണ്ടാണ് ഫിഫ ഇത്തവണത്തെ ലോകകപ്പ് കെങ്കേമമാക്കാന്‍ ഒരുങ്ങുന്നത്. ചരിത്രത്തിലാദ്യമായാണ് വനിതകള്‍ ഫിഫയുടെ പുരുഷ ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങുന്നത്. മൂന്നു പേരടങ്ങുന്ന 21 സംഘങ്ങളാണ് മത്സരങ്ങള്‍ നിയന്ത്രിക്കുക.
സപ്പോര്‍ട്ടിങ് റഫറിമാരായാണ് വനിതകളുടെ നിയമനം. ഗോള്‍ലൈന്‍ ടെക്‌നോളജിയില്‍ റഫറിമാരെ സഹായിക്കലാവും ഇവരുടെ ജോലി.

ഒക്ക് റി ഹ്യാങ് (ദക്ഷിണ കൊറിയ), ഗ്ലാഡീസ് ലെങ്വെ (സാംബിയ), കരോള്‍ ആനി ചെനാര്‍ഡ് (കാനഡ), ക്ലോഡിയ ആമ്പിയേഴ്‌സ് (യുറുഗ്വായ്), അന്ന-മാരി കെയ്ഗ്ലി (ന്യൂസീലന്‍ഡ്), കാതറിന മൊന്‍സുല(യുക്രൈന്‍), എസ്തര്‍ സ്റ്റാബ്ല (സ്വിറ്റ്‌സര്‍ലന്‍ഡ്) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ വനിതകള്‍.

ആറ് വന്‍കരകളിലെ അസോസിയേഷനുകളില്‍ നിന്നും റഫറിമാരുണ്ട് എന്ന പ്രത്യേകതയുമുണ്ട്. ഏഷ്യ, കോണ്‍കകാഫ്, ആഫ്രിക്ക എന്നീ അസോസിയേഷനില്‍ നിന്ന് മൂന്ന് വീതം സംഘങ്ങളും തെക്കേയമേരിക്കയില്‍ നിന്ന് നാലും സംഘങ്ങളുണ്ട്. യുവേഫയില്‍ നിന്ന് ഏഴ് സംഘങ്ങളാണുള്ളത്. ഓഷ്യാനിയയില്‍ നിന്ന് ഒരു സംഘമേയുള്ളൂ.