കൊച്ചി മെട്രോയില്‍ വനിതകള്‍ക്ക് സംവരണം വേണമെന്ന് വനിതാ കമ്മീഷന്‍ ; പറ്റില്ല എന്ന് കെഎംആര്‍എല്‍
കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സീറ്റ് സംവരണം വേണമെന്ന് വനിതാകമ്മീഷന്‍. അതേസമയം സ്ത്രീകള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്യാന്‍ സാധിക്കില്ലെന്നു നടത്തിപ്പുകാരായ കെഎംആര്‍എല്‍ വ്യക്തമാക്കി. തങ്ങള്‍ പുതിയൊരു യാത്രാ സംസ്‌കാരം നടപ്പില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഇക്കാര്യത്തില്‍ ഉദ്ഘാടനത്തിന് മുമ്പെ നയം വ്യക്തമാക്കിയിട്ടുളളതാണ് കെഎംആര്‍എല്‍ പറഞ്ഞു. പ്രായമായവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് മെട്രോയില്‍ പ്രത്യേകം സീറ്റുണ്ട്. കുട്ടിയെ എടുത്തുകൊണ്ട് വരുന്നവര്‍ക്കും ഇത് ലഭ്യമാണെന്നും കെഎംആര്‍എല്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ ഡല്‍ഹി മെട്രോയില്‍ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണമുണ്ടെന്നാണ് വനിതാകമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. കൊച്ചി മെട്രൊയില്‍ സ്ത്രീകള്‍ക്ക് 33.33 ശതമാനം സീറ്റ് സംവരണം വേണമെന്നാണ് വനിതാ കമ്മീഷന്‍ നിലപാട്. കെഎംആര്‍എല്ലിനോട് ഇത് സംബന്ധിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.എംഡി ഏലിയാസ് ജോര്‍ജ് ഇത് സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. എന്നാല്‍ ഡല്‍ഹി ഉള്‍പ്പെടെ ഒരു മെട്രൊയെയും കൊച്ചി അനുകരിച്ചിട്ടില്ലെന്നും കെഎംആര്‍എല്‍ വൃത്തങ്ങള്‍ പറയുന്നു. മെട്രോയില്‍ യാത്രക്കാര്‍ക്ക് മുന്നില്‍ ഒരുവിധ ലിംഗവിവേചനവും പാടില്ലെന്ന നിലപാട് ബോധപൂര്‍വമായി തന്നെ കൈക്കൊണ്ടതാണ്. ട്രാന്‍സ്ജെന്‍ഡേഴ്സിനെയടക്കം ഉള്‍പ്പെടുത്തിയ നടപടികള്‍ ഇതിന്റെ ഭാഗമാണ് എന്നും കെഎംആര്‍എല്‍ പറയുന്നു .