ഭൂമി കൈയേറ്റം തെളിഞ്ഞാല്‍ നടപടിയെന്ന് റവന്യുമന്ത്രി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കും പി.വി അന്‍വര്‍ എം.എല്‍.എയ്ക്കുമെതിരായ കൈയേറ്റ ആരോപണത്തില്‍ കളക്ടര്‍മാരോട് വിശദമായ റിപ്പോര്‍ട്ട് തേടിയെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. കോഴിക്കോട്, ആലപ്പുഴ കളക്ടര്‍മാരോടാണ് റിപ്പോര്‍ട്ട് തേടിയത്. നിയമലംഘനം കണ്ടെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ മുന്‍വിധികളില്ലെന്നും മന്ത്രി വ്യക്തമാക്കി.

റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇതിനെ കുറിച്ച് പ്രതികരിക്കുകയുള്ളൂ. കൈയേറ്റം തെളിഞ്ഞാല്‍ നടപടി സ്വീകരിക്കും. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അത് ലഭിച്ചതിനു ശേഷം തുടര്‍നടപടിയെന്നും മന്ത്രി പ്രതികരിച്ചു. ഭൂമി കൈയേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരേയും പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരേയും ആരോപണങ്ങള്‍ ശക്തമാവുന്നതിനിടെയാണ് റവന്യൂ മന്ത്രിയുടെ പ്രതികരണം.