ബ്ലൂവെയ്ല്‍ കളിച്ചു; പോലീസെത്തി കുട്ടിയില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തു,പുലിവാലുപിടിച്ച് മടങ്ങി
കൊല്ലം ജില്ലയില്‍ വിദ്യാര്‍ഥിയുടെ ബ്ലൂവെയ്ല്‍ ഗെയിം രഹസ്യം പരസ്യമായതോടെ പുലിവാലു പിടിച്ചത് പോലീസ്. ആദ്യം സഹപാഠികള്‍ വഴി വിദ്യാര്‍ഥി ബ്ലൂവെയ്ല്‍ കളിക്കുന്നുണ്ടെന്ന് അധ്യാപകര്‍ അറിഞ്ഞു. പിന്നാലെ വിദ്യാര്‍ഥിയുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
എന്നാല്‍ ഫോണ്‍ പോലീസിന്റെ കൈയില്‍ എത്തിയതോടെ കാര്യത്തിന്റെ സ്വഭാവമേ മാറി. വിവരം അറിഞ്ഞ് സ്കൂളില്‍ എസ്.ഐയും എ.എസ്.ഐയും ഉള്‍പ്പെടെയുള്ളവര്‍ എത്തി. അപ്രതീക്ഷിതമായി വിദ്യര്‍ഥി പക്ഷെ ആത്മഹത്യാ ഭീഷണി ഉയര്‍ത്തി. ഓടിക്കിതച്ചെത്തി കൈക്കലാക്കിയ ഫോണ്‍ പോലീസ് തിരിച്ചു നല്കി.
വൈകുന്നേരം അഞ്ച് മണിക്കു മുമ്പ് ഫോണ്‍ തിരികെ നല്‍കിയില്ലെങ്കില്‍ അധ്യാപകരുടെ പേര് എഴുതിവെച്ച് ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണി. സ്കൂള്‍ അധികൃതര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് വിരാമമായത്.
അതേ സമയം വിദ്യാര്‍ഥി ബ്ലൂവെയ്ല്‍ ഗെയിം കളിച്ചിരുന്നതായി സ്കൂള്‍ അധികൃതരും, പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് സ്കൂള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും വിഷയം ഗൗരവമായി പരിഗണിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.