ഫൈറ്റ് ഫോര്‍ ലൈഫ്: ആദിവാസി ഗ്രാമത്തില്‍ തുടങ്ങിവച്ച വസ്ത്ര വിതരണം

ഫൈറ്റ് ഫോര്‍ ലൈഫ് സംഘാനയുടെ നേതൃത്വത്തില്‍ വസ്ത്രവിതരണത്തിനു തയ്യാറെടുക്കുന്നു. ഓണ തിരക്കുകള്‍ കഴിഞ്ഞ് ശേഖരിച്ച വസ്ത്രങ്ങള്‍ സംഘടനാ അര്‍ഹരായവര്‍ക്ക് എത്തിച്ച് കൊടുക്കുമെന്ന് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിക്കുന്ന അഡ്വ. ശ്രിജിത്കുമാര്‍ പറഞ്ഞു.

‘വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ആദിവാസി ഗ്രാമത്തില്‍ വസ്ത്ര വിതരണത്തിന് കയറിച്ചെന്ന്, ഉടുപ്പുകള്‍ കിട്ടുമ്പോഴുള്ള അവരുടെ സന്തോഷം പ്രതീക്ഷിച്ച എന്റെ മുമ്പില്‍, കീറത്തുണിയുടുത്ത് വന്ന കൊച്ചു പെണ്‍കുട്ടിയെ അതഴിച്ച് മാറ്റി പഴയതാണെങ്കിലും അതിമനോഹരമായ ഒരു ഉടുപ്പെടുത്തണിയിച്ചപ്പോള്‍ പെട്ടന്ന് അവള്‍ ഒരു മാലാഖയെപ്പോലെ തോന്നിച്ചു. കൈയില്‍ ഒന്ന് രണ്ട് ഉടുപ്പുകള്‍ കൂടി വച്ചു കൊടുത്തെങ്കിലും, അതുമായി നാലടി നടന്ന് ചിന്താ മഗ്‌നയായി നിര്‍വ്വികാരയായി മിഴികള്‍ മിഴിച്ചു നിന്നു ആ കൊച്ചു പെണ്‍കുട്ടി,…… അവളില്‍ തുടങ്ങിയാണ് ഡ്രസ്സ് കളക്ഷന്‍ ക്യാമ്പയിന്‍’, ശ്രിജിത്കുമാര്‍ പറയുന്നു.

ജീവിതത്തിന്റെ വെള്ളി വെളിച്ചത്തില്‍ നില്‍ക്കുമ്പോഴും കൂലിപ്പണിക്കാരനായ അഛനെ വീടിന്റെ മേല്‍ക്കരമേയുന്നതിന് സഹായിക്കാന്‍ ചെന്ന വീടിലെ ഗുഹനാഥന്‍ ജോലി കഴിഞ്ഞു തിരികെ പോരുമ്പോള്‍ ചുരുട്ടി നല്‍കിയ മകന്റെ പഴയ കുപ്പായം നല്‍കിയ സന്തോഷവും, അതിട്ട് സ്‌കൂളില്‍ ചെന്നപ്പോള്‍ കുപ്പായം തന്റെ സ്‌കൂളിലെ സഹപാഠിയുടേതാണന്നറിഞ്ഞ അമ്പരപ്പും,,, പ്രിയ സുഹൃത്ത്, ഓര്‍മകളുടെ പിന്നാമ്പുറങ്ങളില്‍ നിന്നും പെറുക്കിയെടുത്ത് പങ്ക് വച്ചത് കണ്ണു നിറയാതെ വായിക്കാന്‍ കഴിയില്ല.

കുറെ പഴയ വസ്ത്രങ്ങള്‍ ശേഖരിച്ച് ആര്‍ക്കെങ്കിലുമൊക്കെ എത്തിച്ചു കൊടുക്കുക എന്നതിനപ്പുറത്തേക്ക്, നനുത്ത ജീവിത യാഥാര്‍ത്യങ്ങളിലേക്ക് കടന്നു ചെന്ന് പൊള്ളുന്ന ജീവിതാനുഭങ്ങളെ അടുത്തറിഞ്ഞ് സ്വയം സ്ഫുടം ചെയ്‌തെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്ന് കൂടി ഉദ്ദേശിച്ചിട്ടാണ് ഫൈറ്റ് ഫോര്‍ ലൈഫ് ഇങ്ങനെ ഒരു പദ്ധതി ആസൂത്രണം ചെയ്തത്, ശ്രീജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഡ്രസ്സ് കളക്ഷന്‍ വലിയ ഒരു പ്രൊജക്റ്റ് ആയിട്ടേറ്റെടുത്ത സംഘടനയുടെ കുവൈറ്റ് ചാപ്റ്റര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. നിജു കാസിമിന്റെയും, ഷാജിയുടെയും, ദിവ്യയുടെയും, ജെയ്‌സിന്റെയും, നിഷയുടെയും നേതൃത്വത്തില്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 600 കിലോയിലധികം വസ്ത്രങ്ങളാണ് ഇപ്പോള്‍ ശേഖരിച്ചു കഴിഞ്ഞിരിക്കുന്നത്.

ഫൈറ്റ് ഫോര്‍ ലൈഫ് ഡ്രസ്സ് കളക്ഷന്‍ ഏറ്റെടുത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രൊവിഡന്‍സ് സ്‌കൂള്‍, ഫൈറ്റ് ഫോര്‍ ലൈഫിന്റെ വിവിധ യൂണിറ്റുകള്‍, തങ്ങളുടെ കൈവശമുള്ള വസ്ത്രങ്ങളും, ശേഖരിച്ചവയും, തരം തിരിച്ച്, ഇസ്തിരി ഇട്ട് മടക്കി വച്ച് വിളിച്ചുകൊണ്ടിരിക്കുന്ന പ്രിയ സുഹൃത്തുക്കളും ഈ സംരംഭത്തിന്റെ നെടുംതൂണുകളാണ്.