ബാലാവകാശ കമ്മീഷന്‍ നിയമനം; ആരോഗ്യമന്ത്രി രാജി വെയ്ക്കണമെന്നു പ്രതിപക്ഷം, ഇല്ലാത്ത പക്ഷം സഭയില്‍ ബഹിഷ്‌ക്കരിക്കും

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി കെ.കെ ശൈലജ നടത്തിയ ഇടപെടലിനെതിരെ പ്രതിപക്ഷം. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കാട്ടി പ്രതിപക്ഷ എം. എല്‍. എ നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.സി.പി. എം വയനാട് ജില്ലാ കമ്മിറ്റി അംഗം ടി.ബി. സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നത്.

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ അധികാര ദുര്‍വിനിയോഗം ഉണ്ടായതായി ഹൈക്കോടതി ഉത്തരവിലുണ്ടെന്ന് ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ബാലവാകാശ കമ്മീഷന്‍ അപേക്ഷ നീട്ടാനുള്ള നിര്‍ദ്ദേശത്തില്‍ അപാകമില്ലെന്നായിരുന്നു മുഖ്യ മന്ത്രിയുടെ വിശദീകരണം. മന്ത്രിയുടെ മുന്നില്‍ വന്ന ഫയലിലെ തീരുമാന പ്രകാരമാണ് അപേക്ഷ നീട്ടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും അതില്‍ അപാകതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളോട് ആരോഗ്യ മന്ത്രി സഭയില്‍ പ്രതികരിച്ചില്ല. ആരോഗ്യമന്ത്രി രാജിവെക്കണമെന്നും അല്ലെങ്കില്‍ മന്ത്രിയെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

കമ്മീഷനിലെ രണ്ടംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. 25 പേജുള്ള ഹൈക്കോടതി വിധിയില്‍ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും ഉണ്ടായെന്ന് പറയുന്നുണ്ട്. സംസ്ഥാന ചരിത്രത്തില്‍ ഏതെങ്കിലുമൊരു മന്ത്രിക്കെതിരെ ഹൈക്കോടതിയുടെ അന്തിമ വിധിന്യായത്തില്‍ ഇത്തരം ഗുരുതരമായ പരാമര്‍ശങ്ങള്‍ വരുന്നത് ആദ്യമായാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ ഷാഫി പറമ്പില്‍ പറഞ്ഞു.

12 കേസുകളില്‍ പ്രതിയായ സി.പി.എം പ്രവര്‍ത്തകന്‍ സുരേഷ്, ഒരുകേസില്‍ 65 ദിവസത്തോളം റിമന്‍ഡില്‍ കിടന്നയാളാണ്. കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ചൈല്‍ഡ് വെല്‍ഫയര്‍ അതോറിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ട് ആളുമാണ്. ഇത്തദരം പശ്ചാത്തലങ്ങളുള്ള ആളിനെ ബാലാവകാശ കമ്മീഷന്‍ അംഗമാക്കാന്‍ വഴിവിട്ട ഇടപെടല്‍ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.