ട്രമ്പിനെ സെന്‍ഷര്‍ ചെയ്യണമെന്ന പ്രമേയവുമായി പ്രമീള ജയപാല്‍

പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസംഗം പ്രമീള ജയ്പാലിന്റെ നേതൃത്വത്തില്‍ നാല്‍പത്തി ഏഴ് ലോ മേക്കേഴ്സ് ട്രമ്പിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്ത്.

കഴിഞ്ഞ ശനിയാഴ്ച ഷാര്‍ലെറ്റ് വില്ലയില്‍ നടന്ന സംഭവത്തിനുശേഷം ട്രമ്പ് സ്വീകരിച്ച നിലപാടുകള്‍ക്കെതിരെയാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആഗസ്റ്റ് 18ന് യു.എസ്. കോണ്‍ഗ്രസംഗം ജെറോള്‍ഡ് നാഡ്ലര്‍, ബോണി വാട്ട്സണ്‍ എന്നിവര്‍ സ്പോണ്‍സര്‍ ചെയ്ത സെന്‍ഷര്‍ പ്രമേയം യു.എസ്. പ്രതിനിധി സഭയില്‍ അവതരിപ്പിക്കുമെന്ന് പ്രമീള പറഞ്ഞു.

ആഭ്യന്തര ഭീകരതയും, വര്‍ദ്ധിച്ചുവരുന്ന വംശീയ അക്രമങ്ങളും നിയന്ത്രിക്കുന്നതില്‍ ട്രമ്പ് ഭരണകൂടം പരാജയപ്പെട്ടതായും ഇവര്‍ കുറ്റപ്പെടുത്തുന്നു.

അമേരിക്കന്‍ ജനതയ്ക്കാകമാനം അപമാനകരമായ സംഭവമാണ് ശനിയാഴ്ച അരങ്ങേറിയതെന്നും നാഷ്ണല്‍ സിക്ക് ക്യാമ്പയ്ന്‍ കൊ.ഫൗണ്ടര്‍ രജ്വന്ത് സിംഗ് പറഞ്ഞു.

മതവിശ്വാസത്തിന്റേയും, ജാതിയുടേയും, നിറത്തിന്റേയും പേരില്‍ ഭിന്നിച്ചു നില്‍ക്കാതെ എല്ലാവരേയും ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും സിങ് പറഞ്ഞു.